ഒടിടിയില്‍ കാഴ്ചയുടെ ഉത്സവമൊരുക്കി മൂന്നു ചിത്രങ്ങള്‍ ഈയാഴ്ച തുടര്‍ച്ചയായി റിലീസിന്

കൊച്ചി: ഇന്നും നാളെയും മറ്റന്നാളുമായി മൂന്നു മലയാള ചലച്ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുകയാണ്. രണ്ടെണ്ണം പുതുപുത്തന്‍ പടങ്ങളാണെങ്കില്‍ ഒരെണ്ണം ഒരു വര്‍ഷം മുമ്പ് തീയറ്ററുകളിലെത്തിയ പടമാണ്.
മലയാളത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ സാഹസം ഇന്നു മുതല്‍ സണ്‍ നെക്സ്റ്റില്‍ സ്ട്രീമിങ് ആരംഭിക്കും. ഓഗസ്റ്റ് എട്ടിനു തീയറ്ററുകളില്‍ എത്തിയ ചിത്രം രണ്ടുമാസത്തിനടുത്ത് പിന്നിടുമ്പോഴാണ് ഒടിടിയില്‍ എത്തുന്നത്. ഫ്രണ്ട്‌റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എന്‍ നിര്‍മിച്ച സാഹസം ബിബിന്‍ കൃഷ്ണയാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ ഓണം മൂഡ് എന്ന ഗാനം ഇക്കൊല്ലത്തെ ഓണക്കാലത്ത് ഏറെ ഹിറ്റായിരുന്നു. ഹ്യൂമര്‍ ആക്ഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം വരുന്നത്. അജു വര്‍ഗീസാണ് നായകന്‍. നരേന്‍, ബാബു ആന്റണി, ഗൗരി കൃഷ്ണ, ടെസ ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു.
നാളെ ഒടിടിയില്‍ ചെക്ക്‌മേറ്റ് എന്ന മലയാളം ചലച്ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഒരു വര്‍ഷം മുമ്പാണ് ഈ ചിത്രം തീയറ്ററുകളിലെത്തുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ചിത്രം തീയറ്ററുകളിലും തരക്കേടില്ലാതെ ഓടിയതാണ്. സണ്‍ നെക്‌സ്റ്റ് തന്നെയാണ് ഇതും ഒടിടിയില്‍ എത്തിക്കുന്നത്. അനൂപ് മേനോനാണ് നായകന്‍. ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി തുടങ്ങിയവരും വേഷമിടുന്നു. തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍.
തമിഴ്താരം പ്രീതി മുകുന്ദന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്ന മേനേ പ്യാര്‍ കിയ മറ്റന്നാള്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കും. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ ഫസിലുദീന്‍ സംവിധാനം ചെയ്തതാണ് ഈ ചിത്രം. ഏറെ ജനപ്രീതി നേടിയ മേനേ പ്യാര്‍കിയ റൊമാന്റിക് കോമഡി ത്രില്ലര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.