കളത്തിനു പുറത്തെ കളിയില്‍ നഖ്‌വി ട്രോഫി കൈയൊഴിയുന്നു, ഇന്ത്യയ്ക്കു തന്നേക്കാമെന്ന്

ലാഹോര്‍: ഇന്ത്യയ്ക്കു നല്‍കേണ്ട ഏഷ്യ കപ്പ് ട്രോഫിയുമായി സ്ഥലം വിട്ട പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്‌വി ഒടുവില്‍ ട്രോഫി ഇന്ത്യയ്ക്കു തന്നെ കൈമാറാമെന്നു സമ്മതിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഓഫീസില്‍ നേരിട്ടെത്തി ട്രോഫി സ്വീകരിക്കണമത്രേ. ട്രോഫി വിവാദം കത്തി നില്‍ക്കേ പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനും പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി. തുടര്‍ച്ചയായി ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുക നിമിത്തം സുഖകരമല്ലാത്ത ബന്ധമാണ് ഇദ്ദേഹവുമായി ഇന്ത്യന്‍ ടീമിനുള്ളത്.
എട്ട് ടീമുകള്‍ അണിനിരന്ന ഏഷ്യ കപ്പില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പാക്കിസ്ഥാനെ ഫൈനലില്‍ ഇന്ത്യ തോല്‍പിക്കുന്നത്. എന്നാല്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ല എന്ന തീരുമാനത്തിലായിരുന്നു ഇന്ത്യ. അതേസമയം റണ്ണര്‍ അപ്പിനുള്ള ട്രോഫിയും ചെക്കും പാക്കിസ്ഥാന്‍ ടീം ഇദ്ദേഹത്തില്‍ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്കു നല്‍കേണ്ട ട്രോഫിയുമായി നഖ്‌വി കടക്കുന്നത്.
ഏഷ്യ കപ്പിനു ശേഷം വരുന്ന ഈ ഞായറാഴ്ച വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും ക്രീസില്‍ ഏറ്റുമുട്ടുകയുമാണ്. ഇക്കുറി ഐസിസി വനിതാ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളും പാക്കിസ്ഥാന്‍ വനിതകളുമാണ് മത്സര രംഗത്തിറങ്ങുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഇന്ത്യയില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ വിമുഖത അറിയിച്ചതോടെ ഈ മത്സരം നടക്കുന്നത് ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ്. ഏഷ്യ കപ്പിലെന്നതു പോലെ ഹസ്തദാനം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ കടുംപിടുത്തം തുടരുമോയെനനു കണ്ടറിയണം.