ന്യൂഡല്‍ഹി: നവരാത്രിയും ദീപാവലിയും ഉള്‍പ്പെടെയെത്തുന്ന സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളാണ് ഇന്ത്യന്‍ വിപണിയുടെ ഉത്സവകാലം. ഇക്കുറി ഉത്സവകാലം തുടങ്ങിയപ്പോഴേ തകര്‍പ്പന്‍ കച്ചവടമാണ് ഓണ്‍ലൈനില്‍ നടക്കുന്നതെന്ന് യൂണികൊമേഴ്‌സിന്റെ കണക്കുകള്‍ തെളിയിക്കുന്നു. ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് വിവിധ ബ്രാന്‍ഡുകള്‍ക്കുള്‍പ്പെടെ സേവനങ്ങളെത്തിക്കുന്ന ഏജന്‍സിയാണ് യൂണികൊമേഴ്‌സ്. സെപ്റ്റംബര്‍ 22നാണ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ഏജന്‍സികളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഉത്സവകാല കച്ചവടം തുടങ്ങുന്നത്. ആദ്യ ഒരാഴ്ച കൊണ്ടു തന്നെ നടന്നിരിക്കുന്നത് 60700 കോടി രൂപയുടെ കച്ചവടമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനത്തിന്റെ വര്‍ധനവാണിത്. ദീപാവലിയെത്താന്‍ ഇനിയും ഇരുപതു ദിവസം കൂടി ബാക്കിയുമാണ്. ഇക്കണക്കിനു പോയാല്‍ ഇക്കൊല്ലം ഉത്സവക്കച്ചവടം ഒന്നേകാല്‍ കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ പകുതി തുകയുടെ കച്ചവടവും ഇതിനകം തന്നെ നടക്കുകയും ചെയ്തു. ഇത്തവണ കച്ചവടം ഇങ്ങനെ വച്ചടി കയറുന്നതിന് ജിഎസ്ടി കുറച്ചതും ഒരു കാരണമായിട്ടുണ്ട്. ഇക്കൊല്ലത്തെ കച്ചവടത്തിനു മറ്റൊരു പ്രത്യേകത കൂടിയുള്ളത് മൊത്തം കച്ചവടത്തിന്റെ 42 ശതമാനവും മൊബൈല്‍ ഫോണുകളുടേതാണ് എന്നതാണ്. റഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളുടെ കച്ചവടത്തില്‍ 41 ശതമാനത്തിന്റെ വര്‍ധനയും ഇക്കാലത്തുണ്ടായി.
ഓണ്‍ലൈനില്‍ വ്യാപാരോത്സവം, ഒറ്റയാഴ്ചയില്‍ 60700 കോടി രൂപയുടെ കച്ചവടം

