പാക് അധീന കാശ്മീരില്‍ ജനകീയ പ്രക്ഷോഭം കരുത്താര്‍ജിക്കുന്നു, ജനജീവിതം നിശ്ചലം

ഇസ്ലാമാബാദ്: പാക് അധീന കാശ്മീരില്‍ (പിഓകെ) പാക്കിസ്ഥാന്‍ ഗവണ്‍മെന്റിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭം അശേഷം അയവില്ലാതെ തുടരുന്നു. രണ്ടാം ദിവസവും സമരക്കാര്‍ അങ്ങിങ്ങ് അക്രമാസക്തരായിട്ടുണ്ട്. സമരക്കാര്‍ക്കു നേരേ നടന്ന വെടിവയ്പിലും അതിക്രമത്തിലുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. അവാമി ആക്ഷന്‍ കമ്മിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്. സമരക്കാരെ തടയുന്നതിനായി പാക് സേന റോഡിലും പാലങ്ങളിലുമായി വലിയ കണ്ടെയ്‌നറുകള്‍ നിരത്തിയിരുന്നു. ജനങ്ങള്‍ ഒത്തുചേര്‍ന്ന് ഈ കണ്ടെയ്‌നറുകള്‍ പുഴകളിലേക്കു വലിച്ചെറിഞ്ഞു. ഇന്നലെ സമരക്കാരെ കൈകാര്യം ചെയ്യുന്നതിനെത്തിയ പോലീസിനു നേരേ കനത്ത കല്ലേറാണുണ്ടായത്. പ്രക്ഷോഭത്തിന്റെ ഭാഗമായി പാക് അധീന കാശ്മീരിലെ കടകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുന്നതു തുടരുകയാണ്. പൊതുഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.