ബീഹാര്‍ കരട് വോട്ടര്‍ പട്ടിക ഔട്ട്, ഇപ്പോഴും 48 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് ഔട്ട്

പട്‌ന: പ്രത്യേക സമഗ്ര പരിശോധനയ്ക്കു ശേഷം ബീഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ 7.42 കോടി വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ ജൂണില്‍ പട്ടികയിലുണ്ടായിരുന്നതിനെക്കാള്‍ ഈ കണക്കനുസരിച്ച് 48 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ വോട്ട് ഇല്ലാതായിട്ടുണ്ട്. എന്നാല്‍ ഓഗസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നതിനെക്കാള്‍ വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടുമുണ്ട്. ജൂണില്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരുണ്ടായിരുന്നത് ഓഗസ്റ്റ് ഒന്നിലെ പട്ടികയില്‍ 7.24 കോടിയായി താഴ്ന്നിരുന്നതാണ്. ഇതില്‍ ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികളും സ്വതന്ത്ര ഏജന്‍സികളും സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം ആധാര്‍ കാര്‍ഡ് വോട്ടവകാശത്തിനുള്ള അടിസ്ഥാന രേഖകളിലൊന്നായി തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കേണ്ടി വന്നു. അതോടെയാണ് ഒഴിവാക്കപ്പെട്ട 18 ലക്ഷം പേര്‍ക്ക് തിരികെ പട്ടികയില്‍ കയറാന്‍ സാധിച്ചത്. ഒക്ടോബര്‍ ഏഴിനാണിനി തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിലെ അന്തിമ വിധി വരുന്നതിനു മുമ്പായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് കരുതപ്പെടുന്നു.