ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഗൈചൗ പ്രവിശ്യയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. നദീജല നിരപ്പില്‍ നിന്ന് ഈ പാലത്തിന്റെ ഉയരം എത്രയെന്നോ, മുക്കാല്‍ കിലോമീറ്ററോളം. കൃത്യമായി പറഞ്ഞാല്‍ 625 മീറ്റര്‍. നീളമാകട്ടെ മൂന്നു കിലോമീറ്ററോളം. അതും കൃത്യമായി പറഞ്ഞാല്‍ 2900 മീറ്റര്‍. ഹ്യൂവാജിയാങ് ഗ്രാന്‍ഡ് കാന്യന്‍ പാലം എന്നാണിതിനു പേര്. ഹ്യുവാജിയാങ് മലനിരകളിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഒരു മലയിടുക്കിനു കുറുകെയുള്ള പാലം സ്ഥിതി ചെയ്യുന്നത്. മലനിരകളുടെ പേരില്‍ നിന്നാണിതു പേരു സ്വീകരിച്ചിരിക്കുന്നത്. ഇതു വരെ വാഹനത്തില്‍ ഈ മലയിടുക്കു കടക്കാന#് രണ്ടു മണിക്കൂര്‍ യാത്ര ചെയ്യേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടു മിനിറ്റ് മാത്രം മതിയാകും. പാലത്തിന്റെ ഉറപ്പ് നിരന്തരം പരിശോധിക്കുന്നതിനായി ഇതില്‍ വിവിധയിടങ്ങളിലായി നാനൂറിലധികം സെന്‍സറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണം കൂടിയായി ഈ പാലം മാറുകയാണ്. ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് ഇതില്‍ ആകാശ കഫേകളും കാഴ്ച കാണുന്നതിനുള്ള എലിവേറ്ററുകളും നിര്‍മിച്ചിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്തു പാലങ്ങളില്‍ എട്ടും ചൈനയിലാണെന്നു മാത്രമല്ല ഗൗചൗ പ്രവിശ്യയിലുമാണ്.
ഗൗചൗവിലേക്കു പോരൂ, ആകാശത്തെയുരുമ്മി വണ്ടിയോടിക്കാം, കാഴ്ചകള്‍ കണ്ടിരിക്കാം

