കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനും ആഗോള രംഗത്തെ യുദ്ധ ഭീഷണികള്‍ക്കും മധ്യത്തിലും ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളായ മൂഡീസും ഇവൈയും എസ് ആന്‍ഡ് പിയുമൊക്കെ. തീരുവ വര്‍ധന മൂലം കയറ്റുമതിയില്‍ താല്‍ക്കാലികമായി ഇടിവുണ്ടാകുമെങ്കിലും ആഭ്യന്തര ഉല്‍പാദനം കൂട്ടിയും മറ്റു വിദേശ രാജ്യങ്ങളില്‍ വിപണി കണ്ടെത്തിയും ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ചയും ധനകമ്മിയിലുണ്ടാകുന്ന കുറവും കേന്ദ്ര സര്‍ക്കാരിന്റെ കടം നിയന്ത്രണ വിധേയമാക്കുന്നതിനു സഹായിക്കും. ഇന്ത്യയ്ക്ക് അനുകൂലമായി പ്രധാനമായും നാലു ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കു കൂട്ടുന്നു. കാലവര്‍ഷം മെച്ചപ്പെട്ടതിനാല്‍ നടപ്പുവര്‍ഷം ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ ഉപഭോഗം മെച്ചപ്പെടും. ഇതിന്റെ പ്രതിഫലനം സമ്പദ്വ്യവസ്ഥയില്‍ മൊത്തത്തില്‍ ദൃശ്യമാകും. അമേരിക്കന്‍ കയറ്റുമതി മേഖലയിലെ തിരിച്ചടി നേരിടാന്‍ വിപണി വൈവിധ്യവല്‍ക്കരണത്തില്‍ ഇന്ത്യ ശ്രദ്ധയൂന്നുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയുന്നതോടെ കമ്പനികളുടെ വില്‍പന ഉയരും. നികുതിയിലും നികുതിയിതര വരുമാനത്തിലും വര്‍ധനയുണ്ടാകുന്നതിനാല്‍ സര്‍ക്കാരിന്റെ ധനകമ്മി കുറയും.
ഇന്ത്യ മാസ് ഡാ, രാജ്യത്തിന്റെ കുതിപ്പ് തുടരുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍

