ലണ്ടനിലെ ഇന്ത്യാവിരുദ്ധര്‍ ഗാന്ധിപ്രതിമയെയും വെറുതെ വിട്ടില്ല, അതിക്രമം

ലണ്ടന്‍: ഗാന്ധിജയന്തിക്ക് രണ്ടു നാള്‍ ബാക്കിനില്‍ക്കെ ഗാന്ധിപ്രതിമയെ വികൃതമാക്കാന്‍ ഇംഗ്ലണ്ടില്‍ ശ്രമം. ട്രാവിസ്റ്റോക് സ്‌ക്വയറിലെ ലണ്ടന്‍ സര്‍വകലാശാലയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയോടാണ് അജ്ഞാതന്റെ അതിക്രമം. പ്രതിമ വികൃതമാക്കാന്‍ നടത്തിയ ശ്രമത്തിനു പുറമെ അതില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിച്ചു. അഹിംസയുടെ പൈതൃകത്തിനു നേരേ നടന്ന ആക്രമണമാണിതെന്നു പറഞ്ഞ ഹൈക്കമ്മീഷന്‍ പോലീസില്‍ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്. 1968ലാണ് ലണ്ടന്‍ സര്‍വകലാശാലയ്ക്കു സമീപത്തായി ഗാന്ധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കുന്നത്. മഹാത്മഗാന്ധി ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജില്‍ നിയമ പഠനം നടത്തിയിരുന്നതിന്റെ ഓര്‍മയ്ക്കായാണ് പ്രശസ്ത ശില്‍പി ഫ്രെഡ ബ്രില്യന്റ് നിര്‍മിച്ച പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്.