സര്‍ക്കാരിനു കാശില്ല, യുഎസില്‍ ഒരു ലക്ഷം ജീവനക്കാര്‍ക്ക് ഇന്നു പണിപോകുന്നു

വാഷിങ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ടരാജിക്ക് അമേരിക്ക തയാറെടുക്കുന്നു. ഒരു ലക്ഷത്തിലധികം ഫെഡറല്‍ വര്‍ക്കേഴ്‌സ് എന്ന സര്‍ക്കാര്‍ ജീവനക്കാരാണ് ഇന്നു ജോലി വിടാനൊരുങ്ങുന്നത്. ഡെഫേര്‍ഡ് റെസിഗ്നേഷന്‍ പ്രോഗ്രാം എന്ന സുന്ദരനാമത്തില്‍ വിളിക്കുന്നതും ചെലവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ട്രംപ് ഭരണകൂടം കൊണ്ടു വന്നതുമായ സ്വയം വിരമിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് കൂട്ടരാജി. ഈ പദ്ധതിയില്‍ സ്വയം പണി നിര്‍ത്തിയിറങ്ങേണ്ടി വരുന്നത് 2.75 ലക്ഷം പേരാണ്. അതിന്റെ ആദ്യഭാഗമാണ് ഇന്ന് ജോലിയില്‍ അവസാന ഹാജര്‍ രേഖപ്പെടുത്തിയിറങ്ങാന്‍ പോകുന്നത്. ഇവര്‍ക്കു മുന്നില്‍ രാജിയല്ലാതെ മറ്റൊരു പോംവഴിയും സര്‍ക്കാര്‍ ശേഷിപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
തുടക്കത്തില്‍ എട്ടു മാസത്തെ ലീവിലേക്കാണ് ഇവരെ പ്രവേശിക്കുക. ലീവ് ആയി കണക്കാക്കുന്ന ഈ എട്ടുമാസവും ഇവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പതിവു പോലെ തന്നെ ലഭിക്കുന്നതാണ്. വിരമിക്കല്‍ ആനുകൂല്യമായി ഇങ്ങനെ ട്രംപ് ഭരണകൂടത്തിന് 14.8 ബില്യന്‍ ഡോളര്‍ അഥവാ 1.30 ലക്ഷം കോടി രൂപയുടെ ഭീമമായ ചെലവ് വരുമെങ്കിലും ഇത്രയും പേര്‍ രാജി വയ്ക്കുന്നതു വഴി ട്രംപ് ഭരണകൂടത്തിന് പ്രതിവര്‍ഷം രണ്ടരലക്ഷം കോടി രൂപയുടെ (28 ബില്യന്‍ ഡോളര്‍) ലാഭമായിരിക്കും ഉണ്ടാകുക എന്നു കണക്കാക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്ക ഫെഡറല്‍ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് കുറവു വരുത്തിയിരുന്നതാണ്. അതാണ് ഇതുവരെയുള്ള അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടല്‍. എന്നാല്‍ ട്രംപ് അതിനെയും കടത്തിവെട്ടിയിരിക്കുകയാണ്. കൂട്ടപ്പിരിച്ചുവിടല്‍ എന്നു പറയാതെ സ്വയം വിരമിക്കല്‍ പദ്ധതിയെന്നു വേറെ പേരിട്ടാണെന്നു മാത്രം. 1990ല്‍ ബില്‍ ക്ലിന്റണ്‍ ഭരണകൂടവും ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയിരുന്നു. രണ്ടര ലക്ഷം പേര്‍ക്കാണ് അന്നു ജോലിയില്‍ നിന്നിറങ്ങേണ്ടി വന്നതെങ്കിലും ഇതുപോലെ ഒറ്റയടിക്കായിരുന്നില്ല. അഞ്ചുവര്‍ഷം കൊണ്ടായിരുന്നു അത്രയും പേരെ ഒഴിവാക്കിയത്. സൈന്യത്തില്‍ നിന്നും തപാല്‍ വകുപ്പില്‍ നിന്നും മാത്രമാണ് ആര്‍ക്കും പടിയിറങ്ങേണ്ടി വരാത്തത്. ഇത്രയും പേര്‍ പിരിഞ്ഞു പോയാലും അമേരിക്കന്‍ ഗവണ്‍മെന്റ് സര്‍വീസില്‍ 23 ലക്ഷത്തോളം ആള്‍ക്കാര്‍ പിന്നെയും ശേഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മുടക്കം വരാന്‍ സാധ്യതയില്ല.