എഴുത്തിലും വീഡിയോയിലും പരിഹാസം, ഇന്ത്യന്‍ സമൂഹം ചിരിക്കപ്പെടേണ്ട വിഭാഗമാകുന്നു

ബ്രിസ്‌ബേന്‍: വംശീയ വിവേചനത്തിന് ലോകത്ത് എവിടെയായാലും ഒരേ മുഖമാണെന്ന് ബ്രിസ്‌ബേനിലെ പ്രവാസി സമൂഹം അഭിപ്രായപ്പെടുന്നു. കാനഡയിലും ഓസ്‌ട്രേലിയയിലുമായി കഴിഞ്ഞയാഴ്ച പൊതുസമൂഹം ഏറെ ചര്‍ച്ചചെയ്ത രണ്ടു സംഭവങ്ങളുടെ വെളിച്ചത്തിലാണീ ചിന്താഗതിയുടെ വേരോട്ടം.
അതില്‍ ഒന്നാമത്തേത് കാനഡയില്‍ ഒന്റാറിയോക്കു സമീപം മിസിസൗഗയില്‍ ഒരു കുട്ടികളുടെ പാര്‍ക്കിനു സമീപം ആരോ ചുവരില്‍ എഴുതിവച്ചൊരു മുദ്രാവാക്യശകലമാണ്. ഇന്ത്യന്‍ എലികള്‍ എന്നാണീ ചുവരെഴുത്തില്‍ ആകെയുള്ളത്. ഇതിനെ ഏത് അര്‍ഥത്തില്‍ വായിച്ചാലും പരിഹാസം മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാമത്തേത് ഓസ്‌ട്രേലിയയില്‍ വൈറലായൊരു വീഡിയോ മീം ആണ്. വൈകാതെ ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുണ്ടാകുമെന്നു സൂചിപ്പിച്ചുകൊണ്ട് ദേശീയ ഗാനം ഉച്ചാരണശുദ്ധിയില്ലാതെ ആലപിക്കുന്നതാണ് വീഡിയോയില്‍.
കാനഡയിലെ ചുവരെഴുത്ത് കാണാനിടയായ ആദ്യത്തെ ഇന്ത്യക്കാരന്‍ പറയുന്നത് അയാള്‍ ഇതിനു മുന്നില്‍ വല്ലാതെ ഒറ്റപ്പെട്ട് നില്‍ക്കുന്ന തോന്നലുണ്ടായെന്നാണ്. ഇത്തരമൊരു കാനഡ സ്വപ്‌നം കണ്ടായിരുന്നില്ലത്രേ അവിടേക്കു വന്നിറങ്ങുന്നത്. ഇത് ഒരു തുടക്കം മാത്രമാണെന്ന് അയാള്‍ പറയുന്നു. ഒന്നില്‍ നിന്നു തുടങ്ങുന്നത് ഇനി സര്‍വസാധാരണമായി മാറും. മിസിസൗഗ പോലീസില്‍ ഇതിനെതിരേ പരാതിപ്പെട്ടിരിക്കുകയാണ് അവിടുത്തെ പ്രവാസികളായ ഇന്ത്യക്കാര്‍.
ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ ഇവിടുത്തെ വിദ്യാഭ്യാസ, ആരോഗ്യരക്ഷ, സയന്‍സ്, ബിസിനസ് മേഖലകള്‍ക്കു നല്‍കിപ്പോന്ന സേവനങ്ങള്‍ ഇപ്പോള്‍ ആരുടെയും ചിന്തയിലേക്കു പോലും വരാത്തത് അതിശയകരമാണെന്ന് പ്രവാസ സമൂഹം കരുതുന്നു. ഒന്നിനു പിന്നാലെ അടുത്തത് എന്ന രീതിയിലാണ് ഡിജിറ്റല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. വൈകാതെ ഇതു പൊതുബോധത്തിന്റെ ഭാഗമായി മാറും. അതിനു ശേഷം രാഷ്ട്രീയ സംവാദങ്ങളില്‍ തടസമില്ലാതെ ഉന്നയിക്കപ്പെടും. അതാണ് അതിന്റെ രീതിയെന്ന് അമിത് സര്‍വാള്‍ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. എഐ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യ വിരുദ്ധ ടിക് ടോക് വീഡിയോകളാണ് ഇന്ന് എല്ലായിടത്തും ഓടിക്കൊണ്ടിരിക്കുന്നത്. ഇവയ്ക്ക് പൊതു സ്വഭാവം ഒന്നു തന്നെ. ഇന്ത്യന്‍ പതാകയെ വികലമായി ചിത്രീകരിച്ചുകൊണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെ ആക്ഷേപിക്കുക, ഉച്ചാരണ വൈകല്യങ്ങള്‍ എടുത്തു പറയുക, ഇന്ത്യന്‍ രീതികളെ പരിഹാസ വിഷയമാക്കുക എന്നിവയൊക്കെ ഒരു വലിയ പദ്ധതിയുടെ ഭാഗമായി വരുന്നതാണെന്ന് അമിത് സര്‍വാള്‍ പറയുന്നു.