കൂടുതല്‍ വീസ ഇളവുകളുമായി യുഎഇ, വീസ ലഭിക്കുന്നതിനും ലഘു നടപടികള്‍

ദുബായ്: പുതിയതായി നാല് സന്ദര്‍ശക വീസ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍ട്രി വീസ നിയമങ്ങളില്‍ യുഎഇ സുപ്രധാനമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. എഐ, വിനോദപരിപാടികള്‍, ഇതര പരിപാടികള്‍, ക്രൂയിസ് കപ്പലുകള്‍, ഉല്ലാസ ബോട്ടുകള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കാണ് പുതിയ വീസ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് മാനുഷികപരിഗണനകള്‍ പ്രകാരമുള്ള വീസ അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്,. കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യുരിറ്റി വകുപ്പാണ് ഈ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം സിദ്ധിച്ചവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയും ലോകത്തിനു മുന്നില്‍ യുഎഇയുടെ വാതിലുകള്‍ തുറന്നിടുകയും ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ മാറ്റങ്ങളെന്ന് ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
ഒരു പ്രാവശ്യം വന്നു പോകുന്നതിനും പല പ്രാവശ്യം വന്നു പോകുന്നതിനും നിശ്ചിത കാലയളവില്‍ യുഎഇയില്‍ താമസിക്കുന്നതിനും പുതിയ വിഭാഗങ്ങളിലുള്ള വീസ ഉപയോഗിക്കാവുന്നതാണ്. എഐ, വിനോദ പരിപാടികള്‍ എന്നിവയ്ക്കായി എത്തുന്നവര്‍ക്ക് സ്‌പോണ്‍സറുടെയോ ആതിഥേന്റെയോ സാക്ഷ്യപത്രം ആവശ്യമാണ്. ഏതെങ്കിലും ഉത്സവം, പ്രദര്‍ശനം, കോണ്‍ഫറന്‍സ്, സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ കായിക വിനോദങ്ങള്‍ വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവയില്‍ പങ്കു ചേരുന്നതിനു വേണ്ടി നിശ്ചിത കാലയളവിലേക്ക് എത്തുന്നവര്‍ക്കുള്ളതാണ് ഇതര പരിപാടികള്‍ എന്ന വിഭാഗത്തിലെ വീസ. ഇത്തരം പരിപാടികളുടെ സംഘാടകരുടെ സാക്ഷ്യപത്രം വീസ അനുവദിക്കുന്നതിന് ആവശ്യമാണ്. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചുള്ളതാണ് ക്രൂയിസ് കപ്പലുകള്‍, ഉല്ലാസ ബോട്ടുകള്‍ എന്നീ വിഭാഗങ്ങളിലുള്ള വീസകള്‍. യുദ്ധം, ദുരന്തങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിശ്ചിത കാലയളവ് താമസിക്കുന്നതിന് അനുവാദം നല്‍കുന്നതാണ് മാനുഷിക പരിഗണനകള്‍ അനുസരിച്ചുള്ള വീസകള്‍.