വനിതാ ലോകകപ്പ് ക്രിക്കറ്റ് ഇന്നു മുതല്‍. ആദ്യ മത്സരം ഗുവാഹതിയില്‍ ഇന്ത്യ-ശ്രീലങ്ക

ഗുവാഹതി: ഐസിസി വനിതാ ലോകകപ്പിന് ഇന്നു തുടക്കം. ഇന്ത്യയില്‍ ഗുവാഹതിയില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ശ്രീലങ്കയെ നേരിടും. ഇതുവരെ സ്വന്തമാക്കാന്‍ കഴിയാത്ത ഏകദിന ലോകകപ്പ് കിരീടം നേടിയെടുക്കാന്‍ ഇന്ത്യയുടെ പടയോട്ടം ഇന്നു തുടങ്ങുകയാണ്. നായിക ഹര്‍മന്‍ പ്രീതിനെ കൂടാതെ മികച്ച ഫോമിലുള്ള സ്മൃതി മന്ഥാന, പരിചയ സമ്പന്നരായ ജമീമ റോഡ്രിഗ്‌സ്, രാധാ യാദവ്, ഹര്‍ലീന്‍ ദിയോള്‍, റിച്ച ഘോഷ്, ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി എന്നിവരാണ് ഇന്ത്യയുടെ കരുത്ത്. ഈ മാസം ആദ്യം ഓസ്‌ട്രേലിയയോട് മൂന്ന് ഏകദിനങ്ങള്‍ കളിച്ചതില്‍ ഒരെണ്ണം ജയിച്ചതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്. ഈവര്‍ഷം വിവിധ ഫോര്‍മറ്റുകളിലായി നാലു സെഞ്ചുറികള്‍ നേടിയ സ്മൃതി മന്ഥാന ഇപ്പോഴും മികച്ച ഫോം നിലനിര്‍ത്തുകയാണ്.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക,. ന്യൂസീലാന്‍ഡ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ലോക കപ്പില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് റൗണ്ടില്‍ പരസ്പരം മത്സരിച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാലു ടീമുകള്‍ സെമിയില്‍ എത്തുന്ന വിധത്തിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 29, 30 തീയതികളിലാണ് സെമി ഫൈനലുകള്‍. നവംബര്‍ രണ്ടിനു ഫൈനല്‍ നടക്കും. നവി മുംബൈ, ഗുവാഹതി, വിശാഖപട്ടണം, ഇന്‍ഡോര്‍ എന്നിവയാണ് ഇന്ത്യയിലെ മത്സര വേദികള്‍. പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നടക്കുന്നത് കൊളംബോയിലാണ്.
ഓസ്‌ട്രേലിയയാണ് നിലവില്‍ ലോക ചാമ്പ്യന്‍മാര്‍. ഏഴു തവണയാണ് ഓസ്‌ട്രേലിയ കപ്പ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഒരു തവണയും ഇംഗ്ലണ്ട് നാലു തവണയും ജേതാക്കളായി. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ വനിതാ ലോകകപ്പിനു വേദിയാകുന്നത്. ഇന്ത്യയുമായുള്ള ടൂര്‍ണമെന്റില്‍ ഈ മാസം തന്നെ ഒന്നിനെതിരേ രണ്ടു വിജയത്തോടെ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്.