കാശിന്റെ കണക്കിനപ്പുറം നാടിനെന്തു കിട്ടിയെന്നു നോക്കി പൗരത്വത്തിനു യുകെയും

ലണ്ടന്‍: അമേരിക്കയുടെ മാതൃകയില്‍ യുകെയും കുടിയേറ്റത്തിന്റെ മാനദണ്ഡങ്ങളില്‍ സാമൂഹ്യ സംഭാവനയുടെ അളവു കൂടി നോക്കുന്ന പുതിയ രീതി നടപ്പാക്കാനൊരുങ്ങുന്നു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയും കശ്മീരി വംശജയുമായ ഷബാന മഹ്‌മൂദാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. ഒരു ബ്രിട്ടീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഷബാനയുടെ വെളിപ്പെടുത്തല്‍. ഒരു വ്യക്തി രാഷ്ട്രത്തിനു നല്‍കുന്ന സാമ്പത്തികമായ സംഭാവനകളെക്കാള്‍ അയാളുടെ വാസം കൊണ്ടു സിദ്ധിച്ച സാമൂഹ്യ മൂല്യമായിരിക്കും ഇനി മുതല്‍ സ്ഥിര താമസത്തിന് അനുവാദം നല്‍കുമ്പോള്‍ പരിഗണിക്കുന്ന പ്രധാന കാര്യമെന്ന് ഷബാന വെളിപ്പെടുത്തി.
ദീര്‍ഘകാലമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് പൗരത്വത്തിനു വഴി തുറക്കുന്ന ഇന്‍ഡഫിനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐഎല്‍ആര്‍)നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള ആലോചനയും ഇതിനൊപ്പം നടക്കുകയാണെന്ന് അവര്‍ പറയുന്നു. വിദേശികള്‍ക്ക് ഐഎല്‍ആര്‍ അനുവദിക്കുന്നത് അവരുടെ ജോലിയെയോ ശമ്പളത്തെയോ എത്ര നികുത അടയ്ക്കുന്നു എന്നതിനെയോ മാത്രം ആശ്രയിച്ചായിരിക്കില്ല. പകരം അവര്‍ ബ്രിട്ടീഷ് സമൂഹത്തിന് എന്തു നല്‍കുന്നു എന്നതു കൂടിയ നോക്കിയായിരിക്കും. ഐഎല്‍ആറിന് അപേക്ഷിക്കാനുള്ള യോഗ്യത പത്തു വര്‍ഷമായി ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ ലേബര്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നതാണ്. അതിന്റെ ചുവടു പിടിച്ചു തന്നെയുള്ളതാണ് ഷബാനയുടെ വെളിപ്പെടുത്തലെന്ന് പ്രവാസി സമൂഹം പറയുന്നു.