പിഒകെയില്‍ ജനകീയ പ്രതിഷേധം കലാപമായി, വെടിവയ്പില്‍ രണ്ടു മരണം

ഇസ്ലാമാബാദ്: പാക് അധീന കാശ്മീരില്‍ (പിഒകെ) രണ്ടാഴ്ചയിലധികമായി പാക്കിസ്ഥാന്‍ ഗവണ്‍മെന്റിനെതിരേ നടക്കുന്ന പ്രതിഷേധം കലാപമായി മാറിയതോടെ നേരിടാന്‍ പട്ടാളവും ഐഎസ്‌ഐയും സര്‍ക്കാര്‍ അനുകൂല സായുധ ഗ്രൂപ്പുകളും രംഗത്ത്. പിഒകെയില്‍ ഉള്‍പ്പെടുന്ന മുസാഫറാബാദില്‍ നടന്ന പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിക്കുകയും പ്രതിഷേധക്കാരില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇരുപത്തിരണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രതിഷേധക്കാരെ ആയുധങ്ങളുമായി നേരിട്ടത് സര്‍ക്കാര്‍ അനുകൂല സായുധ ഗ്രൂപ്പായ മുസ്ലിം കോണ്‍ഫറന്‍സിലെ അംഗങ്ങളായിരുന്നു. ഇവര്‍ക്ക് പട്ടാളത്തിന്റെയും ഐഎസ്‌ഐയുടെയും പിന്തുണ ലഭിക്കുകയും ചെയ്തു. പ്രതിഷേധക്കാരും സര്‍ക്കാര്‍ അനുകൂല ഗ്രൂപ്പുമായുള്ള ഏറ്റുമുട്ടല്‍ എന്ന നിലയിലേക്ക് പ്രതിഷേധം മാറിയതോടെയാണ് കലാപ സമാനമായ സാഹചര്യം രൂപപ്പെട്ടത്.
പിഒകെയില്‍ സാധാരണ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേയാണ് അവാമി ആക്ഷന്‍ കമ്മിറ്റി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ സാധാരണ ജനങ്ങള്‍ സംഘടിച്ചത്. ഇവര്‍ പിന്നീട് പരസ്യ പ്രതിഷേധവുമായി നിരത്തിലിറങ്ങുകയായിരുന്നു. പിന്നീട് പ്രതിഷേധം കലാപമായി മാറിയതോടെ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതവും നിര്‍ത്തിവച്ചു. പ്രതിഷേധത്തെ നേരിടുന്നതിനായി ആയിരക്കണക്കിനു സൈനികരെയാണ് ഈ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ ഇസ്ലാമാബാദില്‍ നിന്ന് ആയിരത്തോളം സൈനികരെ കൂടി ഇവിടേക്ക് അയച്ചിരിക്കുകയാണിപ്പോള്‍. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയുമാണ്.