12 വയസുകാരിക്ക് 20 ലക്ഷം വിലയിട്ട് ഓണ്‍ലൈനില്‍ വില്‍പന, സംഘം പിടിയില്‍

ബെംഗളൂരു: പന്ത്രണ്ടു വയസു മാത്രം പ്രായമുള്ള ബാലികയെ ഓണ്‍ലൈനില്‍ വില്‍പനയ്ക്കു വച്ച സംഘം പോലീസ് പിടിയില്‍. കര്‍ണാടകയില്‍ മൈസൂരുവിനടുത്ത് വിജയനഗരയിലാണ് സംഭവം. ആറാം ക്ലാസില്‍ പഠിക്കുന്ന കൊച്ചുകുട്ടിയെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ മുഖേനയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്കായി വില്‍പനയ്ക്കു വച്ചത്. ഇതുമായി ബന്ധപ്പെട്ട് ശോഭ, തുളസീകുമാര്‍ എന്നിവരാണ് മൈസൂരു പോലിസിന്റെ പിടിയിലായത്. ആദ്യ ആര്‍ത്തവം കഴിഞ്ഞയുടനെയുള്ള പെണ്‍കുട്ടിയുമായി ശാരീരികമായി ബന്ധപ്പെട്ടാല്‍ മാനസിക രോഗം ഭേദമാകും എന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് അതിലൂടെ കുട്ടിയെ വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് വെളിപ്പെടുത്തി. ഇങ്ങനെ കുട്ടികളെ വിട്ടുകിട്ടാന്‍ വേറെ ചില മാതാപിതാക്കളെ ഇവര്‍ സമീപിച്ചതായും പോലീസ് പറയുന്നു. കുട്ടിക്ക് ഇരുപതു ലക്ഷം രൂപയാണ് ഇവര്‍ വിലയിട്ടിരുന്നത്. കുട്ടിയുടെ ചിത്രങ്ങള്‍ സഹിതമാണ് ഇവര്‍ വില്‍പനയുടെ പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്.
സംഭവം ശ്രദ്ധയില്‍ പെട്ട ഓടനാടി സേവാ സംഘം എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകര്‍ ശോഭയുമായി ബന്ധപ്പെടുകയായിരുന്നു. അതിനൊപ്പം പോലീസിനെയും അവര്‍ വിവരമറിയിച്ചു. കുട്ടിയുമായി മൈസൂരുവിലെത്താന്‍ ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ശോഭ എത്തുകയായിരുന്നു. വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പേശിക്കൊണ്ടിരുന്ന് സമയം മുന്നോട്ടു നീക്കി. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തുകയും ആദ്യം ശോഭയെയും പിന്നീട് തുളസീകുമാറിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.