മൂളാത്ത വണ്ടി, മുരളാത്ത വണ്ടിയെന്ന പേരുദോഷം നീക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍

ന്യൂഡല്‍ഹി: ശബ്ദമില്ലാതെ ലക്ഷ്യത്തിലേക്കു കുതിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്. ഇവയുടെ നിശബ്ദ സഞ്ചാരം കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാണെന്ന പരാതിയുടെ പേരിലാണ് ഇവയ്ക്ക് ശബ്ദം നല്‍കാനുള്ള നീക്കം. ഇന്ധനങ്ങളിലോടുന്ന മറ്റു വാഹനങ്ങള്‍ക്ക് എന്‍ജിന്റെ ശബ്ദം തന്നെ പലപ്പോഴും മുന്നറിയിപ്പു സൂചനയായി കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്കും ലഭിക്കാറുണ്ട്. എന്നാല്‍ ചാര്‍ജ് ചെയ്ത ബാറ്ററിയില്‍ ഓടുന്ന വണ്ടികള്‍ക്ക് ഈ ശബ്ദമില്ലാത്തതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. ഇതു പരിഹരിക്കാന്‍ ഇവയില്‍ അടുത്ത വര്‍ഷം മുതല്‍ നിശ്ചിത ശബ്ദം നല്‍കുന്ന അക്കൂസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ട് സിസ്റ്റം (എവിഎഎസ്) ഘടിപ്പിക്കാനാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിയമം തയാറാക്കിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്നു മുതലായിരിക്കും എല്ലാ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലും ഈ സംവിധാനം നിര്‍ബന്ധമാക്കുക. ചില കമ്പനികളുടെ മോഡലുകളില്‍ ഇപ്പോള്‍ തന്നെ എവിഎഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഇതുണ്ടായിരിക്കണമെന്നു നിര്‍ബന്ധവുമാണ്. അതിനാലാണ് ഇന്ത്യയും ഈ രീതി സ്വീകരിക്കുന്നത്.