ന്യൂഡല്‍ഹി: എംജിക്കും ബിവൈഡിക്കും പിന്നാലെ ഒരു ചൈനീസ് കാര്‍ കൂടി ഇന്ത്യന്‍ നിരത്തുകളിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുന്നതായി സൂചനകള്‍. ചൈനീസ് കമ്പനിയായ ചെറി ടിഗ്ഗോ 8 എസ്യുവിക്കായി ഇന്ത്യയില്‍ ഡിസൈന്‍ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് ഇവരുടെ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മനസു തുറക്കാന്‍ കമ്പനി ഇതുവരെ തയാറായിട്ടില്ല. ചൈനയിലെ നാലാമത്തെ വലിയ കാര്‍ കമ്പനിയാണ് ചെറി.
ഈ കമ്പനി ഇന്ത്യയില്‍ എത്തിയാലും ചെറി ടിഗ്ഗോ 8 അതിന്റെ അന്താരാഷ്ട്ര മോഡലിന്റെ ഡിസൈന്‍ തന്നെ നിലനിര്‍ത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എല്‍ഇഡി ഹെഡ്ലൈറ്റുകള്, ചെരിഞ്ഞ റൂഫ്ലൈന്‍, 19 ഇഞ്ച് വീലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്്ച്ചുകള്, ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയൊക്കെയാണ് ലോകം മുഴുവന്‍ ഈ മോഡലിന്റെ പ്രത്യേകതകള്‍. ഇതിന് 4.7 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീല്‍ബേസുമായിരിക്കും ഉണ്ടാവുക. അതായത് മഹീന്ദ്ര സ്കോര്‍പിയോ, ഹ്യൂണ്ടായ് അല്‍കാസര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, കിയ കാരന്‍സ് എന്നിവയുടെയൊക്കെ വലുപ്പമായിരിക്കും ഇതിനുമുള്ളതെന്നു സാരം. എല്ലാ ആഡംബര കാറുകളിലുമുള്ള മറ്റു ഫീച്ചറുകളും ടിഗ്ഗോ 8 ലും ലഭ്യമായിരിക്കും. എന്നാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള രാജകീയ പ്രവേശനം എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
ലേറ്റാ വന്താലും… ചൈനയിലെ ചെറി കാറുകള്‍ എസ്യുവിയുമായി ഇന്ത്യന്‍ വിപണിയിലേക്ക്

