ശബരിമലയിലെ ആസ്തികളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ വിലപ്പെട്ട ആസ്തികളുടെ സൂക്ഷിപ്പും കൈകാര്യവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും അന്വേഷണ വിധേയമാക്കാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജില്ലാ ജഡ്ജി റാങ്കില്‍ നിന്നെങ്കിലും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണമാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉള്‍പ്പെട്ട ദേവസ്വം ബഞ്ച് ഇതു സംബന്ധിച്ച നിര്‍ദേശം ദേവസ്വം കമ്മീഷണര്‍ക്കു കൈമാറി. സ്വര്‍ണപ്പാളി വിവാദത്തില്‍ സമഗ്രമായ അന്വേഷണവും ഇക്കൂടെ നടക്കും.
സ്വര്‍ണപ്പാളി അടക്കമുള്ള കാര്യങ്ങളില്‍ ഒരുപാട് ദുരൂഹതകളുണ്ട്. കണക്കുകളില്‍ അവ്യക്തതയും സംശയവും നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം നീക്കേണ്ടത് അത്യാവശ്യമാണ്. സന്നിധാനത്തെ രജിസ്റ്ററുകള്‍ പൂര്‍ണമല്ല. ഇതു സംബന്ധിച്ച് നടക്കുന്ന അന്വേഷണം രഹസ്യ സ്വഭാവം നിലനിര്‍ത്തുകയും വേണം.
ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ സന്നിധാനത്ത് എന്തൊക്കെയുണ്ടെന്നു കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളുണ്ടായിരിക്കും. തിരുവാഭരണം രജിസ്റ്റര്‍, അതു സൂക്ഷിക്കുന്നതില്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ എന്നിവയും അന്വേഷിക്കാനാണ് കോടതിയുടെ തീരുമാനം. അന്വേഷണം നടത്തേണ്ട ജഡ്ജിയുടെ കാര്യത്തില്‍ ദേവസ്വത്തിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ മാത്രമായിരിക്കും സ്വാതന്ത്ര്യമുണ്ടായിരിക്കുക. ജഡ്ജിയെ നിയമിക്കുന്നതും ജഡ്ജിയോട് റിപ്പോര്‍ട്ട് വാങ്ങുന്നതും ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് നേരിട്ടായിരിക്കും. കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.