ജയത്തിലും നിലപാട് വിടാതെ ഇന്ത്യ, പാക് മന്ത്രിയില്‍ നിന്നു ട്രോഫി വാങ്ങിയില്ല

ദുബായ്: അവസാന ഓവറിലെ നാലാമത്തെ പന്തുവരെ സസ്‌പെന്‍സ് നിലനിര്‍ത്തി ഇന്ത്യന്‍ ടീം വിജയതിലകമണിഞ്ഞുവെങ്കിലും ആഹ്ലാദ പ്രകടനം നടത്താന്‍ കൈയില്‍ കപ്പ് എത്തിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മുഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന നിലപാടിലായിരുന്നു ഇന്ത്യന്‍ ടീം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയും കൂടിയാണ് നഖ്വി. പോരെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരേ പരാതി കൊടുത്തതും ഇതേ നഖ്വി തന്നെയായിരുന്നു. നഖ്വിയാണ് ട്രോഫി വിതരണത്തിന് എത്തുന്നതെങ്കില്‍ ഇന്ത്യ അദ്ദേഹത്തില്‍ നിന്നു ട്രോഫി സ്വീകരിക്കില്ലെന്നു നേരത്തെ തന്നെ അധികൃതരോടു വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും നഖ്വി തന്നെയെത്തിയതിനാലാണ് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ പ്രതിഷേധിച്ചത്. എന്നാല്‍ നഖ്വി അല്ലാതെ മറ്റുള്ളവര്‍ വിതരണം ചെയ്ത പ്ലേയര്‍ ഓഫ് ദി മാച്ച് സമ്മാനം, വാല്യുവബിള്‍ പ്ലേയര്‍ സമ്മാനം, പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സമ്മാനം എന്നിവയൊക്കെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഈ സമയം കാണികള്‍ ഭാരത് മാതാ കീ ജയ് എന്നു മുദ്രാവാക്യം വിളിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയായിരുന്നു.