ദുബായ്: അവസാന ബോള്‍ വരെ ആവേശം മുറ്റി നിന്ന മത്സരത്തിനൊടുവില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കീഴടക്കി ഇന്ത്യയ്ക്ക് ഏഷ്യ കപ്പ്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യ കപ്പ് വിജയമാണിത്. തുടര്‍ച്ചയായ മൂന്നു ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി പാക്കിസ്ഥാനെതിരേ വിജയം ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ മാത്രം പതിവിലുമേറെ വിയര്‍ത്തു, പതിവിനു വിപരീതമായി മികച്ച കളി മറക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അവസാനം വരെ അനിശ്ചിതത്വം നിലനിര്‍ത്തിമാത്രമാണ് വിജയിക്കാനായത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ അത്രയൊന്നും മികച്ചതല്ലാത്ത147 റണ്‍സ് എന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കായി ബാക്കി വച്ചത്. 19.4 ബോളിലാണ് ഇന്ത്യ ഇതു മറികടക്കുന്നത്. അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന തിലക് വര്‍മയാണ് ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പിയെന്നു പറയാം. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ഇരുപത് റണ്‍സിലേക്ക് എത്തുന്നതിനിടെ വിലപ്പെട്ട മൂന്നു വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. മികച്ച ഫോം ഇതുവരെ നിലനിര്‍ത്തിയ അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി നഷ്ടമായത് ഇന്ത്യയ്ക്കു വലിയ ഷോക്കായി. നാലാം വിക്കറ്റില്‍ മലയാളിയായ സഞ്ജു സാംസന്‍-തിലക് വര്‍മ സഖ്യം നേടിയ 57 റണ്‍സ് കൂട്ടുകെട്ടാണ് ചിത്രം മാറ്റിയെഴുതിയത്. പതിമൂന്നാം ഓവറില്‍ സഞ്ജു പുറത്തായെങ്കിലും പിന്നീടെത്തിയ ശിവം ദൂബെ തിലക് വര്‍മയ്ക്ക് ഊറ്റമായ പിന്തുണയേകി. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ പത്തു റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു. ഒരുവേള കളിയുടെ ഗതി തന്നെ മറ്റൊന്നാകുമോ എന്നു പോലും ഭയന്നു പോയ സമയമായിരുന്നു അത്. ഒടുവില്‍ റിങ്കു സിംഗ് ഒരു ബൗണ്ടറിയിലൂടെ ഇന്ത്യന്‍ ജയം കുറിച്ചപ്പോള്‍ ആകെ ശേഷിച്ചിരുന്നത് രണ്ടു പന്ത് മാത്രമായിരുന്നു.
ഏഷ്യ കപ്പ് ഇന്ത്യയ്ക്ക്, അഞ്ചു വിക്കറ്റ് ജയം, പാക്കിസ്ഥാനെതിരേ മൂന്നാമതും ജയം

