സിഡ്മല്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനം, സംഗീത-നൃത്ത സന്ധ്യ ശനിയാഴ്ച

സിഡ്‌നി:സിഡ്‌നി മലയാളി അസോസിയേഷന്റ് സുവര്‍ണ ജൂബിലി ആഘോഷത്തിനന്റെ ഉദ്ഘാടനം അടുത്ത ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കാസില്‍ ഹില്‍ പയനിയര്‍ തീയറ്ററില്‍ നടക്കും. ഇതോടനുബന്ധിച്ച് ഗംഭീര കലാസാംസ്‌കാരിക സമ്മേളനവും നടക്കും. പാട്ടുകളും കവിതകളും വിവിധ നൃത്തരൂപങ്ങളും കലാസമ്മേളനത്തിനു മിഴിവേകും. ഒരു വര്‍ഷം നീളുന്ന വ്യത്യസ്ത പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി തയാറായിക്കൊണ്ടിരിക്കുന്നത്.


സിഡ്‌നിയിലെ നടനം ഡാന്‍സ് സ്‌കൂളിന്റെ ആഭിമുഖ്യത്തിലുള്ള ആനാര്‍ക്കലി എന്ന നൃത്തപരിപാടിയാണ് ഉദ്ഘാടനത്തിന് മിഴിവേകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കലാവിരുന്നുകളിലൊന്ന്.


എക്കാലത്തെയും മികച്ച ചലച്ചിത്ര ഗാനങ്ങള്‍ സിഡ്‌നിയിലെ തന്നെ ഗായകര്‍ ഇതോടൊപ്പം അരങ്ങിലെത്തിക്കും. എല്ലാരും ചൊല്ലണ് എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടി ഓര്‍മയില്‍ സൂക്ഷിക്കാന്‍ തക്ക അനുഭവമായി മാറുമെന്നുറപ്പ്.
1976 ലാണ് സിഡ്‌നിയിലെ ഏതാനും പ്രവാസി മലയാളികള്‍ ചേര്‍ന്ന് സിഡ്‌നി മലയാളി അസോസിയേഷന്‍ രൂപീകരിക്കുന്നത്. വര്‍ഷങ്ങളിലൂടെ ഈ സംഘടനയിലെ അംഗത്വവും ഇതിന്റെ പരിപാടികളിലെ വൈവിധ്യവും വളര്‍ന്നു വരികയായിരുന്നു.