ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതി എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരേ നിരവധി പുതിയ കണ്ടെത്തലുകള്‍. സ്വാമി പാര്‍ഥസാരഥി എന്നു കൂടി അറിയപ്പെടുന്ന ഇദ്ദേഹം വ്യാജ പാസ്പോര്‍ട്ടുകളും വ്യാജ വിസിറ്റിങ് കാര്‍ഡുകളും നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഓരോ ഘട്ടം പിന്നിടുമ്പോഴും തട്ടിപ്പിന്റെ പുതിയ കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഡല്‍ഹി ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് മുന്‍ ചെയര്‍മാനായ ഈ ആള്‍ദൈവം പതിനേഴ് വിദ്യാര്‍ഥിനികളെ പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റിന്റെ 122 കോടി രൂപയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്. കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെ സ്വാമി ഒളിവില്‍ പോകുകയായിരുന്നു. ഒടുവില്‍ ആഗ്രയില്‍ നിന്നാണ് അറസ്റ്റിലാകുന്നത്. ഒരു മാസമായി ആഗ്ര, വൃന്ദാവന്‍, മഥുര എന്നിവിടങ്ങളില്‍ വേഷം മാറി ഒളിച്ചു കഴിയുകയായിരുന്നു.
ഇയാളില്‍ നിന്നു കണ്ടെടുത്ത വ്യാജ വിസിറ്റിങ് കാര്‍ഡുകളിലൊന്നില്‍ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം അംബാസഡര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്ന് ബ്രിക്സിന്റെ പ്രത്യേക ദൂതനാണെന്നു പറയുന്നതായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായും അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ രണ്ടു പാസ്പോര്‍ട്ടുകളും സ്വന്തമാക്കിയിരുന്നു. ഒന്നിലെ പേര് സ്വാമി പാര്‍ഥസാരഥി എന്നാണെങ്കില്‍ രണ്ടാമത്തേതിലെ പേര് സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നാണ്.
പീഡനവീരന് സ്വാമിക്ക് പേരു രണ്ട്, പാസ്പോര്‍ട്ട് രണ്ട്, വ്യാജ കാര്‍ഡും രണ്ട്

