കൊച്ചി: ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ ആര്‍എസ്എസിന്റെ പദ സഞ്ചലനത്തില്‍ ഗണവേഷത്തില്‍ പങ്കെടുത്തുകൊണ്ട് മുന്‍ ഡിജിപി ജേക്കബ് തോമസ് പൂര്‍ണ തോതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറും. നിലവില്‍ ബിജെപി ഭാരവാഹിയാണെങ്കിലും ആര്‍എസ്എസില്‍ ജേക്കബ് തോമസ് എത്തുന്നത് ആദ്യമായാണ്. വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പദസഞ്ചലനം നടത്തുന്നത്. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസാണെന്ന തിരിച്ചറിവിലാണ് സ്ഥാനമാനങ്ങളൊന്നും ആഗ്രഹിക്കാതെ താന്‍ പദസഞ്ചലനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. 1997 മുതല്‍ താന്‍ സംഘിന്റെ ആശയങ്ങളില്‍ ആകൃഷ്ടനാണെന്നും ഇനി ആ ആശയങ്ങള്‍ക്കൊത്തു സഞ്ചരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെയും ചില ആര്‍എസ്എസ് പരിപാടികളില്‍ അതിഥിയായി ഇദ്ദേഹം പങ്കെടുത്തിരുന്നു. ഐപിഎസില്‍ നിന്നു വിരമിച്ച ശേഷം 2021ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
കാക്കിയും വെള്ളയുമണിഞ്ഞ് ജേക്കബ് തോമസ് ആര്‍എസ്എസിലേക്ക്

