ചെന്നൈ: കരൂരിലെ ടിവികെ റാലിക്കിടയില്‍ നടന്ന കൂട്ടമരണവുമായി ബന്ധപ്പെട്ട് രണ്ടു ഹര്‍ജികള്‍ തമിഴ്‌നാട് ഹൈക്കോടതിയിലെത്തിയെങ്കിലും അതില്‍ ടിവികെ പാര്‍ട്ടി നല്‍കിയ ഹര്‍ജി മാത്രമേ ഇന്നു പരിഗണിക്കൂ എന്നറിയുന്നു. ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ടിവികെ പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജി ഇന്ന് ഉച്ചയോടെ പരിഗണിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഈ ഹര്‍ജിയെത്തുന്നതിനു മുമ്പായി ഹൈക്കോടതിയെ സമീപിച്ചത് ദുരന്തത്തിനിടെ പരിക്കേല്‍ക്കാനിടയായ സെന്തില്‍ കണ്ണന്‍ എന്നയാളാണ്. വിജയ്‌ന്റെ തുടര്‍ റാലികള്‍ക്ക് എഡിജിപി അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുന്നതാണ് ഈ ഹര്‍ജി. കരൂരിലുണ്ടായത് സാധാരണ അപകടമല്ലെന്നും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് ദുരന്തത്തിലേക്കു നയിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊതുസുരക്ഷ അപകടത്തിലാകുമ്പോള്‍ ജീവിക്കാനുള്ള അവകാശത്തിന് സംഘം ചേരാനുള്ള ആവകാശത്തെക്കാള്‍ ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും സെന്തിലിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇന്നലെത്തന്നെ ആരംഭിച്ചു. റിട്ടയേഡ് ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ കമ്മീഷനാണ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംഭവം അന്വേഷിക്കുക. ദുരന്തത്തില്‍ ഒരാള്‍ കൂടി ഇന്നലെ മരിച്ചതോടെ മൊത്തം മരണസംഖ്യ നാല്‍പതായി ഉയര്‍ന്നു. ആശുപത്രിയില്‍ നിന്നു ഡ്‌സ്ചാര്‍ജ് വാങ്ങി വീട്ടില്‍ പോയ കവിന്‍ എന്ന കരൂര്‍ സ്വദേശിയാണ് വീട്ടിലെത്തിയ ഉടന്‍ മരിച്ചത്. 111 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കരൂര്‍ റാലി ദുരന്തം, സ്വതന്ത്ര അന്വേഷണം ഹൈക്കോടതി ഇന്നു തീരുമാനിക്കും

