ഹൃദയത്തിന്റെ പിണക്കം നോക്കാന്‍ രണ്ടു കാര്യങ്ങള്‍ക്ക് രണ്ടു മിനിറ്റ് കരുതിയില്ലെങ്കില്‍

കൊച്ചി: സെപ്റ്റംബര്‍ 29 ലോകമെങ്ങും ഹൃദയദിനമായി ആചരിക്കുകയാണ്. ഇക്കൊല്ലത്തെ ഹൃദയദിനത്തില്‍ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍ നിര്‍ദേശിക്കുകയാണ് കേരളത്തിലെ ഹൃദയചികിത്സാരംഗത്തെ പ്രമുഖരായ ഡോക്ടര്‍മാര്‍. കോവിഡിനു ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഹൃദ്രോഗ ലക്ഷണങ്ങള്‍ പോലുമില്ലാതെയാണ് പലരും മരണത്തിനു കീഴടങ്ങുന്നത്. ചുമയും കഫക്കെട്ടുമായി എത്തുന്നവരില്‍ പോലും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. പുതിയൊരു ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണിതെല്ലാം വിരല്‍ ചൂണ്ടുന്നത്. കോവിഡ് ജനങ്ങളുടെ ഹൃദയാരോഗ്യത്തില്‍ വലിയൊരു വിള്ളലുണ്ടാക്കിയെന്നതു വാസ്തവമാണ്. അതിനാലാണ് ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന് മുന്‍കാലങ്ങളിലേക്കാള്‍ കാര്യമായി ഇപ്പോള്‍ പറയുന്നത്. അനായാസം ആര്‍ക്കും സ്വന്തം ശാരീരികാവസ്ഥയും ഹൃദയരോഗ സാധ്യതയും ചേര്‍ത്തു കണ്ടെത്താന്‍ കഴിയുന്നത് രണ്ടു പരീക്ഷണങ്ങളിലൂടെയാണ്. ഒരെണ്ണം ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധനയും രണ്ടാമത്തേത്് വേസ്റ്റ് ടു ഹൈറ്റ് റേഷ്യോ കണ്ടെത്തലുമാണ്. ഇതു രണ്ടും ശ്രദ്ധയൂന്നുന്നത് ഒരാളുടെ ഉയരത്തിന് ആനുപാതികമായ ശരീരഭാരം സൂക്ഷിക്കണമെന്ന കാര്യത്തിലേക്കാണ്. ഈ അനുപാതം സൂക്ഷിക്കാന്‍ കഴിയാത്തവരിലാണ് കൂടുതലായി രോഗബാധ കാണപ്പെടുന്നത്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററില്‍ അളന്ന ഉയരത്തിന്റെ ഇരട്ടി കൊണ്ടു ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് ബോഡി മാസ് ഇന്‍ഡക്‌സ്. 18.5 മുതല്‍ 24.9 വരെയുള്ള ബിഎംഐ കുഴപ്പമില്ലാത്തതെന്നു കണക്കാക്കുന്നു. ബിഎംഐ മാത്രം കൊണ്ടു മതിയാകില്ലെന്നാണ് ആധുനിക വൈദ്യം പറയുന്നത്. കാരണം ബിഎംഐയില്‍ ശരീരത്തിന്റെ ഏതു ഭാഗത്താണ് കൊഴുപ്പ് അധികമായി ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നു മനസിലാക്കാനാവില്ല. ഇതിനാണ് വേസ്റ്റ് ടു ഹൈറ്റ് അനുപാതം കൂടി നോക്കണമെന്ന് പറയുന്നത്. ശരീരത്തിന്റെ മധ്യഭാഗത്ത് ശേഖരിക്കപ്പെടുന്ന കൊഴുപ്പാണ് കൂടുതല്‍ പ്രശ്‌നകാരിയായി മാറുന്നത്. ഇതിനായി പൊക്കിളിനു തൊട്ടുമുകളില്‍ വച്ച് അരഭാഗത്തെ വണ്ണം സെന്റിമീറ്ററില്‍ രേഖപ്പെടുത്തിയതിനു ശേഷം സെന്റിമീറ്ററില്‍ തന്നെ ഉയരവും അളക്കുക. ഉയരത്തിന്റെ നേര്‍പകുതിയായിരിക്കണം അരവണ്ണം. ഇക്കാര്യങ്ങള്‍ രണ്ടും ശ്രദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യതയെ പരമാവധി അകറ്റിനിര്‍ത്താനാവും. അതുപോലെ പ്രധാനമാണ് നിത്യേനയുള്ള വ്യായാമവും ആഹാരകാര്യത്തിലെ ശ്രദ്ധയുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.