കരൂരിലെ ടിവികെ ട്രാജഡി, മരണം 39, നേതാക്കള്‍ക്കെതിരേ 4 വകുപ്പുകളില്‍ കേസ്

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രികഴകം റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അതിരാവിലെ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സ്ഥലത്തു ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയാണ്. സംസ്ഥാന മന്ത്രിമാരും ഡിഎംകെ നേതാക്കന്‍മാരും ദുരന്തബാധിതരെ നേരില്‍ കണ്ടും മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചും സ്ഥലത്തു തന്നെയുണ്ട്. അതേ സമയം തമിഴക വെട്രി കഴകത്തിന്റെ നേതാക്കന്‍മാര്‍ മിക്കവരും അറസ്റ്റ് ഭയന്ന് ഒളിവിലാണ്.
മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. പതിനേഴ് സ്ത്രീകള്‍ മരിച്ചപ്പോള്‍ പതിമൂന്നു പുരുഷന്‍മാരും ഒമ്പതു കുട്ടികളും താരാരാധനയില്‍ ജീവന്‍ ഹോമിച്ചു. ആള്‍ക്കൂട്ടത്തിരക്കില്‍ ശുദ്ധവായു ലഭിക്കാതെ പോയതും മണിക്കൂറുകളോളം വെയില്‍ കൊണ്ട് ശരീരത്തിലെ ജലാംശം താഴ്ന്നു പോയതുമാണ് ആദ്യം കുറേപ്പേര്‍ തലചുറ്റി വീഴാനിടയാക്കിയത്. കൂടുതല്‍ ആള്‍ക്കാര്‍ ഇരച്ചു മുന്നോട്ടുവരുന്നതനുസരിച്ച് ഇവരെ തട്ടി കുടുതല്‍ പേര്‍ വീഴുകയായിരുന്നു. അങ്ങനെയാണ് മരണസംഖ്യ ഉയരുന്നത്. ആംബുലന്‍സുകള്‍ക്ക് ആള്‍ക്കാരെ വകഞ്ഞുമാറ്റി മുന്നോട്ടു വരാന്‍ കഴിഞ്ഞതുമില്ല. അപകടമുണ്ടായതായി അറിഞ്ഞയുടന്‍ വിജയ് സ്ഥലത്തു നിന്നു മാറിയതോടെ മാത്രമാണ് ആംബുലന്‍സുകള്‍ക്കു കടന്നു വരാനായത്. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
ഇതിനിടെ പരിപാടിയുടെ സംഘാടകരായ ടിവികെ പാര്‍ട്ടിക്കെതിരേ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം, കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ, മനുഷ്യജീവനും സുരക്ഷിതത്വത്തിനും ഹാനികരമായ പ്രവൃത്തി, അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതിരിക്കല്‍ എന്നിങ്ങനെ നാല് വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്.