മുഖ്യമന്ത്രി ഇന്‍, ഭാരതാംബ ഔട്ട്. രാജ്ഭവന്‍ പ്രോഗ്രാമിന് വെറും നിലവിളക്ക് മാത്രം

തിരുവനന്തപുരം: ഗവര്‍ണറുമായി സര്‍ക്കാരിന്റെ സൗന്ദര്യപ്പിണക്കങ്ങള്‍ ഒരുവശത്തു നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജ്ഭവന്‍ സന്ദര്‍ശനം സമാധാനപരമായിരുന്നു. ആഗോള അയ്യപ്പസംഗമത്തില്‍ ഭഗവദ് ഗീത ചൊല്ലിയും വിശ്വാസി എന്ന കോംപ്ലിമെന്റ് വെള്ളാപ്പള്ളി നടേശനില്‍ നിന്നു സ്വീകരിച്ചും പുതിയൊരു വൈബില്‍ വരുന്ന മുഖ്യമന്ത്രിക്കു മുന്നില്‍ ഭാരതാംബയുടെ ചിത്രം എത്തിക്കാതെ ഗവര്‍ണറും സമവായ സന്നദ്ധത തെളിയിച്ചു. ഭാരതാംബയ്ക്കു മുന്നില്‍ വിളക്കു കത്തിക്കണമെന്നു പറയാതെ സാധാരണ നിലവിളക്കു കൊളുത്തിയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. രാജ്ഭവന്‍ പുറത്തിറക്കുന്ന രാജ്ഹംസ എന്ന ഇന്‍ഹൗസ് ജേര്‍ണലിന്റെ പ്രകാശനമാണ് മുഖ്യമന്ത്രിക്കു നിര്‍വഹിക്കാനുണ്ടായിരുന്നത്. ശശി തരൂര്‍ എംപിക്ക് ആദ്യ പ്രതി കൈമാറി മുഖ്യമന്ത്രി ഇതിന്റെ പ്രകശനം നിര്‍വഹിക്കുകയും ചെയ്തു. പ്രകാശനം നിര്‍വഹിക്കവേ, രാജഹംസയിലെ ഒരു ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി പ്രകടിപ്പിച്ചെങ്കിലും അതുപോലും വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത വാക്കുകള്‍ കൊണ്ടുള്ളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ലേഖനത്തിലെ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റേതല്ല, ലേഖകന്റേതു മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് മറ്റാരുടെയും പരിഗണനയക്കു വിഷയമായില്ല. സുപ്രീംകോടതി വരെ പോയി കേരളം ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന അധികാര പരിധി സംബന്ധിച്ചുള്ളതാണ് പരാമര്‍ശ വിധേയമായ ലേഖനം. ഗവര്‍ണറുടെ അധികാരങ്ങളും സര്‍ക്കാരിന്റെ അധികാരങ്ങളും സംബന്ധിച്ചുള്ളതാണ് ഈ ലേഖനം. ഇങ്ങനെയൊരു വിഷയം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് എടുത്തുവെങ്കിലും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ അക്കാര്യം പരാമര്‍ശിച്ചതു പോലുമില്ല.