ഇന്ത്യന്‍ ജൈവ വിപണി ഓസ്‌ട്രേലിയയ്ക്കു തുറന്നു കിട്ടുന്നു, തിരിച്ചും

ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും ജൈവതുല്യതാ കരാര്‍ ഒപ്പിട്ടു. ന്യുഡല്‍ഹിയില്‍ വാണിജ്യ ഭവനില്‍ നടന്ന ചടങ്ങിലാണ് ജൈവകൃഷിക്കും ജൈവ ഉല്‍പ്പന്ന വിപണനത്തിനും ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണകരമായ കരാറില്‍ രണ്ടു രാജ്യങ്ങളുടെയും വാണിജ്യമന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ ഒപ്പു വച്ചത്. ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി സുനില്‍ ബാര്‍ത്വാല്‍, അപേഡ ചെയര്‍മാന്‍ അഭിഷേക് ദേവ്, ഓസ്‌ട്രേലിയയുടെ ഫസ്‌ററ് അസിസ്റ്റന്റ് സെക്രട്ടറി ടോം ബ്ലാക്ക്, വാണിജ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പെറ്റല്‍ ധില്ലന്‍, ഇന്തയിലെ ഓസ്‌ട്രേലിയയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നിക്ക് മക്കാഫ്രി എന്നിവര്‍ സംബന്ധിച്ചു.
ഈ കരാര്‍ അനുസരിച്ച് ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ജൈവ കൃഷിക്കും ജൈവ ഉല്‍പാദനത്തിനുമുള്ള അക്രഡിറ്റേഷനുകളെ ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിക്കും. അതായത്, ഓസ്‌ട്രേലിയിയലെ ജൈവ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരാറില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏത് ഉല്‍പ്പന്നവും ഓസ്‌ട്രേലിയന്‍ സംരംഭകര്‍ക്ക് ജൈവ ഉല്‍പ്പന്നമെന്ന നിലയില്‍ ഇന്ത്യയിലെ ഏതു വിപണിയിലും വില്‍ക്കാം. ഇന്ത്യന്‍ കര്‍ഷകര്‍ക്കും ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്കും തങ്ങളുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ ഓസ്‌ട്രേലിയന്‍ വിപണിയിലും വില്‍ക്കാം. ഇതനുസരിച്ച് ഓസ്‌ട്രേലിയന്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സംസ്‌കരിക്കാത്ത സസ്യ ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച വെജിറ്റേറിയന്‍ ഭക്ഷ്യ വിഭവങ്ങള്‍, ജൈവ വൈന്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനാവുക.