തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കേ വോട്ടര്‍ പട്ടികയുടെ അവസാനവട്ട പുതുക്കലിനു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്. ഈ പുതുക്കല്‍ നടന്നാലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്നുറപ്പ്. സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതനുസരിച്ച് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആകെ പ്രവാസികള്‍ 2087 പേര് മാത്രമാണ്. നാട്ടില്‍ തന്നെയുള്ള വോട്ടര്‍മാര്‍ക്കു മാത്രമായിരിക്കും ഇനി നടക്കുന്ന പുതുക്കലിന്റെയും പ്രയോജനം ലഭിക്കുക. പ്രവാസി വോട്ടര്‍മാര്‍ക്കു വേണ്ടി തപാല്‍ വോട്ട് കോണ്‍സുലേറ്റ് അല്ലെങ്കില്‍ എംബസി മുഖേനയുള്ള വോട്ട്, പ്രോക്സി വോട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും ഇതുവരെ യാതൊരു അനുകൂല പ്രതികരണവും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേരളത്തിലാകെ നാല്പത്താറുലക്ഷത്തിലധികം പ്രവാസികളാണുള്ളതെന്നു കണക്കാക്കിയിരിക്കുന്നു. ഇതില്‍ മുപ്പതു ലക്ഷം പ്രവാസികള്‍ രാജ്യത്തിനു പുറത്തും പതിനാറു ലക്ഷം പ്രവാസികള്‍ സംസ്ഥാനത്തിനു പുറത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായും തൊഴില്‍ ചെയ്തു ജീവിക്കുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ രണ്ടിനു പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 2,83,12,458 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 1,33,52,947 പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാന്‍സ്ജന്‍ഡര്‍മാരുമാണുള്ളത്. ഇതിനു പുറമെയാണ് പ്രവാസികളായി ചേര്‍ത്തിരിക്കുന്ന 2087 വോട്ടര്‍മാരുള്ളത്.
കേരളത്തിലെ 2.83 കോടി വോട്ടര്‍മാരില്‍ ആകെ പ്രവാസികള്‍ 2087

