യുഎസിന്റെ ടെക് മുന്നേറ്റത്തെക്കുറിച്ച് ട്രംപിന് ഒരു ചുക്കുമറിയില്ലെന്ന്

സിലിക്കണ്‍വാലി: എച്ച്1ബി വീസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി വര്‍ധിപ്പിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അമേരിക്കയ്ക്കു തന്നെ വലിയ വിനയാകുന്ന തരത്തില്‍ തിരിച്ചടിക്കുമെന്ന് കോടീശ്വരനും ടെക് സംരംഭകനുമായ മൈക്കിള്‍ മോറിറ്റ്‌സ്. ഗൂഗിള്‍, പേപാല്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളിലെ വന്‍തുകകളുടെ മൂലധന നിക്ഷേപത്തിലൂടെ അമേരിക്കന്‍ ടെക് വികസനത്തിന്റെ അമരത്തുള്ള സംരംഭകനാണ് മോറിറ്റ്‌സ്. സാങ്കേതിക വിദ്യാമുന്നേറ്റത്തിനു പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ ഭരണകൂടത്തിന് അറിയില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫീസ് വര്‍ധനയെന്ന് അദ്ദേഹം പറയുന്നു. അമേരിക്കയിലെ ഒന്നാംനിര സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
വിദേശ തൊഴിലാളികളെ അമേരിക്കയിലേക്കു കൊണ്ടുവരുന്നതിനു പകരം കമ്പനികള്‍ തന്നെ വിദേശത്തേക്കു മാറ്റാന്‍ അതിലേറെ എളുപ്പമാണ്. കിഴക്കന്‍ യൂറോപ്പ്, തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളിലെ യുവ എന്‍ജിനീയര്‍മാര്‍ അമേരിക്കയില്‍ നിന്ന് അതേയോഗ്യതയുമായി എത്തുന്നവര്‍ക്കൊപ്പം വിദഗ്ധരാണ്. അവര്‍ ചെയ്യുന്ന ജോലികളില്‍ ഭൂരിഭാഗവും സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചെയ്യുന്ന അത്രയും എളുപ്പത്തില്‍ ഇസ്താംബുളിലോ ടാലിനിലോ വാര്‍സോയിലോ പ്രാഗിലോ ബെംഗളൂരുവിലോ ഇരുന്നു ചെയ്യാന്‍ കഴിയും. കമ്പനികള്‍ എച്ച്1ബി ജീവനക്കാരെ നിയമിക്കുന്നത് അമേരിക്കക്കാര്‍ക്ക് ജോലി നിഷേധിക്കാനോ ചെലവ് ചുരുക്കാനോ അല്ല, ഗുണമേന്മയുള്ള സേവനം ലഭിക്കുന്നതിനാണെന്ന് അദ്ദേഹം പറയുന്നു. ഇനി കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം മറ്റേതെങ്കിലും രാജ്യത്തേക്കു മാറ്റുകയാണങ്കില്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന മറ്റൊരു വിദേശ സമ്പദ് വ്യവസ്ഥയ്ക്കു ലഭിക്കുകയായിരിക്കും ചെയ്യുകയെന്ന് മോറിറ്റ്‌സ് മുന്നറിയിപ്പു നല്‍കുന്നു.