എഐ വന്നൂ, ആക്‌സഞ്ച്വറില്‍ പണിപോയത് 11000 പേര്‍ക്ക്, ഭീഷണി തുടരുകയുമാണ്

ഡബ്ലിന്‍: എഐ ആയിരങ്ങളുടെ തൊഴില്‍ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നതിന് പുതിയ ഉദാഹരണമായി ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആക്‌സഞ്ച്വര്‍ മാറുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ കമ്പനി പിരിച്ചുവിട്ടത് 11,000 ജീവനക്കാരെ. ഇനിയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള തയാറെടുപ്പിലാണ് കമ്പനി ഇപ്പോഴെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എഐയുടെ സ്വീകാര്യത വര്‍ധിച്ചതോടെ കോര്‍പ്പറേറ്റ് തലത്തില്‍ ഇത്രയും ജീവനക്കാരെ ആവശ്യമില്ലാതാകുന്നുവെന്നാണ് മറച്ചുവയ്ക്കലുകളില്ലാതെ കമ്പനി തുറന്നു പറയുന്നത്. നിര്‍മിത ബുദ്ധി ആവശ്യമായി വരുന്ന സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ക്ലയന്റുകള്‍ തങ്ങളെ സമീപിക്കുന്നതെന്ന് സിഇഓ ജൂലി സ്വീറ്റ് പറയുന്നു. ഇതിനനുസരിച്ച് ജീവനക്കാരെ പുനക്രമീകരിക്കേണ്ടത് ആവശ്യമായി വരികയാണത്രേ.
ഈ വര്‍ഷം ആദ്യമാണ് ആക്‌സഞ്ച്വര്‍ പിരിച്ചുവിടല്‍ ആരംഭിക്കുന്നത്. വര്‍ഷാവസാനം വരെ പിരിച്ചുവിടല്‍ തുടരുകയും ചെയ്യും. അതോടെ എത്രപേര്‍ക്കായിരിക്കും പണിപോകുകയെന്നു മാത്രം കമ്പനിയുടെ കുറിപ്പുകളില്‍ പറയുന്നില്ല. ഇതും ജീവനക്കാരുടെ മാനസികാഘാതം വര്‍ധിപ്പിക്കുന്ന കാര്യമായി മാറിയിരിക്കുകയാണ്. പിരിച്ചുവിടല്‍ വഴി ഒരു ബില്യന്‍ ഡോളറിലധികമാണ് ലാഭിക്കാന്‍ കഴിയുന്നതെന്ന് സിഇഓ കണക്കുകൂട്ടുന്നു. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ഏജന്റിക് അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പരിശീലനം ലഭ്യമാക്കാനുള്ള പദ്ധതിയും കമ്പനി തയാറാക്കി വരുന്നു.