ഓസ്‌ട്രേലിയയില്‍ നിന്നും വഴിപാടുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഉടന്‍ വരുന്നു

തിരുവനന്തപുരം: ലോകത്ത് എവിടെയിരുന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നു. ഇതിനായുള്ള ബില്ലിങ് മൊഡ്യൂളാണ് ഇപ്പോള്‍ തയാറായിരിക്കുന്നത്. ക്ഷേത്രങ്ങളിലെത്തി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്നു മുതല്‍ ഈ മോഡ്യൂള്‍ അനുസരിച്ചുള്ള രസീതായിരിക്കും ലഭിക്കുക. ഒരു മാസത്തിനുള്ളില്‍ മേജര്‍ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഈ മൊഡ്യുളുമായി ബന്ധിപ്പിക്കും. അതോടെ ലോകത്ത് എവിടെയിരുന്നും വഴിപാടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനും പണം അടയ്ക്കാനും സാധിക്കും. ആറുമാസത്തിനകം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലെയും എല്ലാ വഴിപാടുകളും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്ന അവസ്ഥയിലേക്കു വരും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്ന ഗവണ്‍മെന്റ് സ്ഥാപനമാണ് ഈ സോഫ്‌റ്റ്വെയര്‍ തയാറാക്കിയിരിക്കുന്നത്. വഴിപാട് ബുക്കിങ് ഇതിന്റെ ഒരു ഭാഗം മാത്രമാണ്. എല്ലാ ക്ഷേത്രങ്ങളിലെയും പൂജാകാര്യങ്ങളും മറ്റ് അറിവുകളും ഇതില്‍ നിന്നു മനസിലാക്കാനും സാധിക്കും.