ജയ്പൂര്‍: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ മരിച്ചതിനു പിന്നാലെ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകന്‍ സോം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂരിലുള്ള അതിസുരക്ഷാ ജയിലിലേക്കു മാറ്റി. നാലുവശത്തു നിന്നും സിസിടിവി യിലൂടെ തടവുകാരനെ നിരീക്ഷിക്കാവുന്ന ജയിലാണിത്. ഇതിലെ ഏകാന്ത സെല്ലിലാണ് വാങ്ചുക്ക് ഇപ്പോഴുള്ളത്. അറസ്റ്റിനു ശേഷം ആദ്യം ഏതോ അജ്ഞാത കേന്ദ്രത്തിലേക്കായിരുന്നു ഇദ്ദേഹത്തെ മാറ്റിയിരുന്നത്. എന്നാല്‍ ലഡാക്കില്‍ വാങ്ചുക്കിനുള്ള ജനപിന്തുണ പുതിയ കലാപത്തിനു കാരണമായേക്കുമോയെന്ന സംശയമാണ് ഇദ്ദേഹത്തെ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍. കനത്ത സുരക്ഷയില്‍ പ്രത്യേക വിമാനത്തിലാണ് വാങ്ചുക്കിനെ രാജസ്ഥാനിലെത്തിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു വാങ്ചുക്കിന്റെ അറസ്റ്റ്. ലഡാക്ക് ഡിജിപി നേരിട്ട് ഇദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ദേശസുരക്ഷാ നിയമമാണ് വാങ്ചുക്കിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ഇദ്ദേഹത്തിനു പാക്കിസ്ഥാനുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ലഡാക്ക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാങ്ചുക്കുമായി ബന്ധമുള്ള സന്നദ്ധ സംഘടനകളായ സ്റ്റുഡന്റ്‌സ് എജ്യുക്കേഷന്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക്, ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റിവ് ലഡാക്ക് എന്നിവയ്‌ക്കെതിരേ അനധികൃത വിദേശ സഹായം കൈപ്പറ്റിയതിന്റെ പേരിലും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ലഡാക്ക് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ലേ അപക്‌സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ് എന്നിവയുമായി കേന്ദ്ര ഗവണ്‍മെന്റ് ശനിയും ഞായറുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച കേന്ദ്ര ഗവണ്‍മെന്റ് തിങ്കളാഴ്ചയിലേക്കു മാറ്റിയിട്ടുണ്ട്.
സോനം വാങ്ചുക്ക് നാലുവശവും സിസിടിവി നിരീക്ഷണത്തില്‍ ജോധ്പൂര്‍ ജയിലില്‍

