ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് അതേ നാണയത്തില്‍ ശക്തമായ മറുപടി നല്‍കി ഇന്ത്യ. പാക്കിസ്ഥാന്റെ വിദേശ നയത്തിന്റെ കാതലായി മാറിയിരിക്കുന്ന ഭീകരവാദത്തെ മഹത്വല്‍ക്കരിക്കുന്നതാണ് അദ്ദേത്തിന്റെ പ്രസംഗമെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്ലോട്ട്.
ഒരു നാടകത്തിനും എത്ര വലിയ നുണകള്‍ക്കും വസ്തുതകളെ മറച്ചു വയ്ക്കാനാവില്ല. ഇന്ത്യയിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരസംഘടനയെ 2025 ഏപ്രില്‍ 25ന് യുഎന്‍ രക്ഷാസമിതിയില്‍ സംരക്ഷിക്കാന്‍ ശ്രമിച്ച അതേ പാക്കിസ്ഥാനാണ് ഇതെന്നു ഗഹ്ലോട്ട് ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി ഭീകരവാദത്തെ വളര്‍ത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതമില്ല. ഒസാമ ബിന്‍ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് സ്വന്തം മന്ത്രിമാര്‍ വരെ സമ്മതിച്ച കാര്യവും മറന്നുകൂടായെന്ന് പെറ്റല്‍ ഗഹ്ലോട്ട് പറഞ്ഞു.
ഇഞ്ചിനു വിട്ടുകൊടുക്കാതെ ഇന്ത്യന്‍ മറുപടി, യുഎന്നില്‍ ഉത്തരംമുട്ടി പാക്കിസ്ഥാന്‍

