അമ്മയും അമ്മാവനും തമ്മില്‍ അരുതാത്ത ബന്ധം, തടസമായ കുഞ്ഞിനെ കൊന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുള്ള ദേവേന്ദു എന്ന ബാലികയെ കിണറ്റിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. നേരത്തെ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ അറസ്റ്റിലായിരുന്നു. സഹോദരനും സഹോദരിയും തമ്മില്‍ തുടര്‍ന്നു പോന്ന ശാരീരികമായ അടുപ്പത്തിനു കുട്ടി തടസമായി മാറിയതാണ് കുട്ടിയെ ഇല്ലാതാക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. കുഞ്ഞിനെ കിണറ്റിലെറിഞ്ഞത് അമ്മാവനായിരുന്നെങ്കിലും ഇതിനു പിന്നില്‍ അമ്മയായ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മുമ്പ് സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതു അറസ്റ്റിലായിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇക്കൊല്ലം ജനുവരി മുപ്പതിനായിരുന്നു ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഹരികുമാര്‍ അറസ്റ്റിലായിരുന്നതാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
ഹരികുമാറും ശ്രീതുവും തമ്മില്‍ ശാരീരികമായ അടുപ്പാണുണ്ടായിരുന്നത്. കൊല നടന്ന ദിവസവും ഹരികുമാര്‍ ശ്രീതുവിന്റെ പക്കലെത്തിയിരുന്നു. എന്നാല്‍ അതിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായത്. കൊലപാതകത്തില്‍ സഹോദരിക്കും പങ്കുണ്ടെന്ന് ഹരികുമാര്‍ അന്നേ പറഞ്ഞെങ്കിലും ശ്രീതു ഇതു നിഷേധിക്കുകയായിരുന്നു. അന്നുമുതല്‍ പോലീസ് തുടര്‍ന്നു പോന്ന അന്വേഷണത്തിലാണ് ശ്രീതുവിന്റെ പങ്ക് ബോധ്യമായത്. ഇതേ തുടര്‍ന്നാണ് അറസ്റ്റിലേക്കു നീങ്ങിയത്.