സല്‍മാന്‍ റുഷ്ദിയുടെ സേറ്റനിക് വേഴ്‌സസ് ഇന്ത്യയില്‍ വിറ്റോളാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ബുക്കര്‍ പ്രൈസ് ജേതാവും വിശ്രുത നോവലിസ്റ്റുമായ സല്‍മാന്‍ റുഷ്ദിയുടെ ദി സേറ്റനിക് വേഴ്‌സസ് എന്ന ഗ്രന്ഥം ഇന്ത്യയില്‍ തുടര്‍ന്നും നിരോധിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇന്ത്യയില്‍ ഈ പുസ്തകം വില്‍ക്കുന്നത് 1988ല്‍ നിരോധിച്ചിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ഈ വിലക്ക് ഡല്‍ഹി ഹൈക്കോടതി നീക്കം ചെയ്തിരുന്നു. അതോടെ ഇന്ത്യയില്‍ ഈ പുസ്തകം ലഭ്യമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുസ്തകം വീണ്ടും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി വരുന്നത്. എന്നാല്‍ ഇതിലൂടെ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നതെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരായി അപ്പീല്‍ നല്‍കുന്നതിനു പകരം പുസ്തകനിരോധനം നീട്ടണമെന്ന ഹര്‍ജി സമര്‍പ്പിക്കുന്നതിലെ വൈരുധ്യമാണ് കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്. ഈ പുസ്തകത്തിലെ മതനിന്ദാപരമായ ഭാഗങ്ങള്‍ സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാരണം പറഞ്ഞാണ് 1988ല്‍ രാജീവ് ഗാന്ധി സേറ്റനിക് വേഴ്‌സസ് ഇന്ത്യയില്‍ നിരോധിക്കുന്നത്.