കോപ്പന്‍ഹേഗന്‍: റഷ്യയുടേതെന്നു കരുതുന്ന ഡ്രോണുകള്‍ അതിക്രമിച്ചു പറന്നതിനെ തുടര്‍ന്ന് ഡെന്മാര്ക്കിലെ നിരവധി വിമാനത്താവളങ്ങള്‍ ഇന്നലെ മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. യൂറോപ്യന്‍ ആകാശത്ത് റഷ്യന്‍ ഡ്രോണുകളും യുദ്ധ വിമാനങ്ങളും അതിക്രമിച്ചു കയറുന്നതിന്റെ തുടര്‍ച്ചയാണ് ഈ സംഭവവുമെന്നു വിലയിരുത്തപ്പെടുന്നു. പടിഞ്ഞാറന്‍ ഡെന്മാര്ക്കിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് ഇതുമൂലം പൂര്‍ണമായി തടസപ്പെട്ടത്. ഡെന്മാര്ക്കിലെ എഫ് 16, എഫ് 35 പോര്‍വിമാനങ്ങള്‍ സൂക്ഷിക്കുന്ന ആല്‍ബോര്‍ഗിലെ സൈനിക വിമാനത്താവളത്തിനു മുകളിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. രാജ്യത്ത് പല സ്ഥലങ്ങളിലും ആകാശയാത്രയ്ക്കു തടസമായെങ്കില് കൂടി സുരക്ഷാ കാരണങ്ങളാല്‍ ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തേണ്ട എന്ന നിലപാടിലായിരുന്നു അധികൃതര്‍. ഡ്രോണുകള്‍ പറന്നുയര്‍ന്നതും ഡെന്മാര്ക്കിന്റ് ഉള്ളില്‍ നിന്നു തന്നെയാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ആ ദിശയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനിക, സൈനികേതര തന്ത്രങ്ങള്‍ കൂട്ടിയിണക്കിയ ആക്രമണമാണ് ഡെന്മാര്ക്കിനു നേരേയുണ്ടായതെന്ന് പ്രതിരോധ മന്ത്രി പോള്സന് ആരോപിച്ചു.
ഡ്രോണ്‍ ഭീഷണി, പടിഞ്ഞാറന്‍ ഡെന്മാര്ക്കില് വിമാനസര്‍വീസുകള്‍ക്കു തടസം

