അറബിക്കടലില്‍ കപ്പല്‍ മുങ്ങിയതിന് കമ്പനി 1200 കോടി നഷ്ടപരിഹാരം കൊടുക്കാന്‍ വിധി

കൊച്ചി: എംഎല്‍സി എല്‍സ 3 കപ്പല്‍ കേരള തീരത്ത് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കടലിനും തീരത്തിനുമുണ്ടായ പരിസ്ഥിതി നാശത്തിന് നഷ്ടപരിഹാരമായി 1200 കോടി രൂപ നല്‍കാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടില്‍ ജസ്റ്റിസ് എം എ അബ്ദുള്‍ ഹക്കീമാണ് ഇങ്ങനെ വിധിച്ചത്. മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറിലെ രാസവസ്തുക്കള്‍ കടലില്‍ കലരുകയും ചെയ്തിരുന്നു. ഇതു മൂലം കടലിന്റെ പരിസ്ഥിതിക്ക് പരിഹരിക്കാനാവാത്ത നഷ്ടം വരുകയും സാമ്പത്തിക മേഖലയ്ക്ക് വന്‍നഷ്ടം സംഭവിക്കുകയും ചെയ്തതായി കോടതി വിലയിരുത്തി. അപകടത്തെ തുടര്‍ന്ന് കടലിലെ മത്സ്യ സമ്പത്തിന് വന്‍തോതില്‍ നാശം സംഭവിച്ചതിനാല്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 9531 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപകടം നടന്നത് സംസ്ഥാന സമുദ്രാതിര്‍ത്തിക്ക് പുറത്തായതിനാല്‍ അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നുമാണ് കപ്പല്‍ കമ്പനി വാദിച്ചത്. കഴിഞ്ഞ മെയ് 25നാണ് കൊച്ചിയിലെ പുറംകടലില്‍ കപ്പല്‍ മുങ്ങിയത്.