അറിഞ്ഞോ ജെന്‍ സി രോഷത്തീയില്‍ ഡിസ്‌കോര്‍ഡ് വളര്‍ന്ന് ലോകതാരമായി

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം വാര്‍ത്തകളില്‍ നിറയുന്നതനുസരിച്ച് തെങ്ങു നനയ്ക്കുമ്പോള്‍ ചീരയും നനയും എന്ന തത്വത്തിനൊത്ത് മറ്റൊരു വളര്‍ച്ച കൂടി നടക്കുകയായിരുന്നു. അതാണ് ഡിസ്‌കോര്‍ഡ് എന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം. ഇതു വഴി സംഘടിച്ച യുവത്വമാണ് നേപ്പാളിലെ ശര്‍മ ഒലി സര്‍ക്കാരിനെ തൊഴിച്ചു പുറത്താക്കിയത്. ഒറ്റയടിക്ക് 26 സാമൂഹ്യ മാധ്യമ പ്ലാറ്റ്്‌ഫോമുകളെ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചതാണല്ലോ പലതരത്തില്‍ അസ്വസ്ഥരായിരുന്ന നേപ്പാളിലെ യുവജനങ്ങളെ തെരുവിലിറക്കിയത്. അതേ സര്‍ക്കാരിനെതിരേ ആശയപ്രചാരണം നടത്താന്‍ പുതു തലമുറ ഇറക്കിയ തുറുപ്പുചീട്ടായിരുന്നു ഡിസ്‌കോര്‍ഡ് എന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം. നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയെ ഇവര്‍ കണ്ടെത്തിയതും ഇതേ പ്ലാറ്റ്‌ഫോമില്‍ കുടി തന്നെയായിരുന്നു. പണ്ടേ നിലവിലുള്ളതായിരുന്നെങ്കിലും ജെന്‍ സി പ്രക്ഷോഭത്തിലൂടെ ഡിസ്‌കോര്‍ഡ് നിന്ന നില്‍പില്‍ താരമായി മാറുകയായിരുന്നു. 2015ല്‍ ജേസണ്‍ സിട്രോണും സ്റ്റാനിസ്ലാവ് വിഷ്‌നെവ്‌സ്‌കിയും ചേര്‍ന്നാണിതിനു രൂപം കൊടുക്കുന്നത്. അങ്ങനെ ജനനം കൊണ്ട് അമേരിക്കന്‍. തുടക്കത്തില്‍ വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമായിരുന്നു ഇതിനുണ്ടായിരുന്നതും. ഗെയ്മിങ്ങിനിടെ അതിനു തടസം വരുത്താതെ സുഹൃത്തുക്കളുമായി സല്ലപിക്കാന്‍ അവസരമൊരുക്കുക എന്നതു മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. നേപ്പാളിലെ വിപ്ലവം പോലെയൊരു സംഗതി ഇതിന്റെ സൃഷ്ടാക്കളുടെ വിദൂര ഭാവനയില്‍ പോലും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ലോകമെങ്ങും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നൊരു പദമായി ഡിസ്‌കോര്‍ഡ് മാറിയിരിക്കുന്നു. ഇതിന്റെ ഡൗണ്‍ലോഡില്‍ വന്‍ കുതിപ്പാണേ്രത ഉണ്ടായിരിക്കുന്നത്. മറ്റു സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഡിസ്‌കോര്‍ഡിനുള്ള പ്രത്യേകത അവര്‍ സ്വന്തമായി സെര്‍വര്‍ സൂക്ഷിക്കുന്നില്ല എന്നതാണ്. പകരം ഓരോ ഉപയോക്താവിനും ഇതിനുള്ളില്‍ സെര്‍വറുകളാകാന്‍ പറ്റും. അതിനാലാണ് നേപ്പാള്‍ സര്‍ക്കാരിന്റെ കണ്ണില്‍ ജെന്‍ സി യുടെ കൂട്ടായ്മകള്‍ പെടാതെ പോയത്.