ഒരിക്കലും പഠിപ്പിസ്റ്റാകാത്ത ആത്മ നേടിയത് രണ്ടു ലോകോത്തര സ്‌കോളര്‍ഷിപ്പുകള്‍

തിരുവനന്തപുരം: സ്‌കൂള്‍ തലത്തിലൊരിക്കലും പഠിപ്പിസ്റ്റെന്ന സല്‍പ്പേരു സമ്പാദിക്കാതിരുന്നിട്ടും രണ്ടു ലോകോത്തര സ്‌കോളര്‍ഷിപ്പുകള്‍ ഒരു പോലെ സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അത്മ എസ് കുമാര്‍. ഒപ്പമുണ്ടായിരുന്ന പഠിപ്പിസ്റ്റുമാര്‍ പലരും എവിടെയുമെത്താതെ തട്ടിയും തടഞ്ഞു നില്‍ക്കുമ്പോഴാണ് ആത്മ വളരെക്കൂടിയ ആത്മവിശ്വാസത്തോടെ ഓക്‌സ്ഫഡിലേക്കു വിമാനം കയറിയിരിക്കുന്നത്. ഓക്‌സ്ഫഡിലെ പഠനത്തിന്റെ മുഴുവന്‍ ചെലവും നേരിടാന്‍ സഹായിക്കുന്ന ചെവനിങ് സ്‌കോളര്‍ഷിപ്പും വൈഡന്‍ഫൈന്‍ഡ് ഹോഫ്മാന്‍ സ്‌കോളര്‍ഷിപ്പും ഒരുമിച്ചാണ് ഈ മിടുക്കിക്കു ലഭിച്ചിരിക്കുന്നത്. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദ പഠനം നടത്തിയ ശേഷമാണ് ചെവനിങ്ങിനായി ആത്മ ഡല്‍ഹി നാഷണ്‍ ലോ യൂണിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിനിടെ പോര്‍ട്ട്‌ഫോളിയോ തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഓക്‌സ്ഫഡില്‍ പബ്ലിക് പോളിസിയില്‍ മാസ്‌റ്റേഴ്‌സാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സിലായിരുന്നു പ്ലസ് ടു വരെയുള്ള പഠനം.