ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ന്യയോര്‍ക്കില്‍ ചേരാനിരിക്കെ ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പാലസ്തീനെ അംഗീകരിച്ചത് ശുഭകരമായ സൂചനയായി മാറുന്നുവെന്ന കാഴചപ്പാട് ശക്തമാകുന്നു. ഇതില്‍ ഏറ്റവും പ്രധാനമായത് ബ്രിട്ടന്റെ നിലപാടു മാറ്റമാണ്. കാരണം, പാലസ്തീനെ മുറിച്ച് ഇസ്രയേല്‍ ഉണ്ടാക്കി കൊടുത്തതു തന്നെ ബ്രിട്ടന്റെ മുന്‍കൈയിലായിരുന്നു. അതേ ബിട്ടന്‍ ഇപ്പോള്‍ പാലസ്തീനു വേണ്ടി രംഗത്തു വരുന്നുവെന്നതിന്റെ ഏറ്റവും വലിയ മെച്ചം നാളെ പാലസ്തീന്‍ എന്ന രാജ്യമുണ്ടാകും എന്നല്ല. അതേസമയം അമേരിക്ക പറയുന്നിടത്തു നില്‍ക്കാത്ത യൂറോപ്പ് പല കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങുന്നു എന്നതിലാണ്. പാലസ്തീന്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ അമേരിക്ക എടുക്കുന്ന നിലപാടിനു വിരുദ്ധമായി ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയടങ്ങുന്ന പുതിയൊരു ശാക്തിക ലോകം മുന്നോട്ടു വരുന്നു എന്നതിലാണ്. ഇതു തന്നെയായിരിക്കും ഭാവിയില്‍ പാലസ്തീന് ഏറ്റവും മുതല്‍ക്കൂട്ടാകാന്‍ പോകുന്നതും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നന്നായി മനസിലാക്കുന്നതു കൊണ്ടു തന്നെയാകണം, ഇംഗ്ലണ്ടിന് അംഗീകരിക്കാന്‍ ഇനിയൊരു പാലസ്തീന്‍ ഉണ്ടാകില്ലെന്നു നെതന്യാഹു തറപ്പിച്ചു പറയുന്നതും. എന്നാല്‍ പാലസ്തീന്റെ രാഷ്ട്ര പദവിക്കും മേഖലയിലെ സമാധാനത്തിനും വേണ്ടി ഇസ്രയേലിന്റെ അംഗീകാരവും അമേരിക്കയുടെ സമ്മതവും വേണമെന്ന ധാരണയെ വെല്ലുവിളിക്കാന്‍ കാനഡയുടെയും ഓസ്‌ട്രേലിയയുടെയും ബ്രിട്ടന്റെയും തീരുമാനത്തിലൂടെ സാധിക്കുന്നു. ഇതിലാണ് ഇനി ലോകം പ്രതീക്ഷ വയ്ക്കാന്‍ പോകുന്നതെന്ന കാഴ്ചപ്പാടാണ് യുഎന്‍ പൊതുസഭ ചേരാനിരിക്കെ ലോകത്തെ സമാധാനപ്രേമികളുടെ മനസില്‍ ഉദിക്കുന്നത്.
ബ്രിട്ടനും കാനഡയും ഓസ്‌ട്രേലിയയും ഒപ്പമെത്തുന്നത് പാലസ്തീനു ഗെയിം ചേഞ്ചര്‍

