അമേരിക്ക വാതിലടയ്ക്കുമ്പോള്‍ വാതില്‍ തുറന്ന് ചൈന. എച്ച1ബി വീസയ്ക്കു തുല്യം കെ വീസ പ്രതിഭകള്‍ക്കായി എത്തുന്നു

ബെയിജിങ്: ട്രംപ് കുടിയേറ്റത്തിനു കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുമ്പോള്‍ ഇന്നോളം അടഞ്ഞു കിടന്ന വാതിലുകള്‍ കുടിയേറ്റക്കാര്‍ക്കായി തുറന്നു കൊടുത്ത് പുതിയ തുടക്കമിടാന്‍ ഷീ ജിന്‍പിങ്. സ്റ്റെം (സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്സ്) മേഖലയില്‍ നിന്നുള്ള പ്രതിഭകളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാനാണ് ചൈനയുടെ നീക്കം. ലോകത്തെ നിയന്ത്രിക്കുന്ന മറ്റൊരു വന്‍ശക്തിയാകാന്‍ കുതിക്കുന്ന ചൈനയ്ക്ക് മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിടുക്കന്‍മാരെയും മിടുക്കികളെയും ആവശ്യമാണെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ഈ നയംമാറ്റം. അമേരിക്ക ഒരിക്കല്‍ പ്രോത്സാഹിപ്പിച്ചിരുന്ന എച്ച്1ബി വീസയ്ക്കു തുല്യമായ വീസ സമ്പ്രദായം കെ വീസ എന്ന പേരില്‍ ഇതിനായി അവതരിപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഒക്ടോബര്‍ ഒന്നു മുതലാണ് കെ വീസകള്‍ ലഭ്യമായി തുടങ്ങുന്നത്.
എച്ച്1ബി വീസയ്ക്കുള്ള ഫീസ് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിനു തൊട്ടുപിന്നാലെയാണ് നയം മാറ്റവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് പോകുന്നതിനു വഴിയടഞ്ഞുപോയ പ്രതിഭകളെ ചാക്കിടുക തന്നെയാണ് നയംമാറ്റത്തിന്റെ അര്‍ഥമെന്നു വ്യക്തം. സ്റ്റെം മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് എച്ച്1ബി വീസയില്‍ അമേരിക്കയിലേക്കു പൊയ്‌ക്കൊണ്ടിരുന്നതും.
നിലവില്‍ ജോലി, പഠനം, ബിസിനസ് തുടങ്ങി മൂന്നു കാര്യങ്ങള്‍ക്കു മാത്രമാണ് ചൈന വീസ അനുവദിക്കുന്നത്. അവ അങ്ങനെ തന്നെ തുടരുന്നതിനൊപ്പം നാലാമതൊരു വിഭാഗമായാണ് കെ വീസ ഇനിയെത്തുന്നത്. ഓഗസ്്റ്റ് മാസത്തില്‍ ചേര്‍ന്ന സ്‌റ്റേറ്റ് കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. വിദേശത്തു നിന്നുള്ള ശാസ്ത്ര സാങ്കേതിക പ്രതിഭകള്‍ക്കു വേണ്ടി മാത്രമുള്ളതാണ് കെ വീസയെന്ന് ഇതിന്റെ ഉത്തരവില്‍ വ്യക്തമായി പറയുന്നുമുണ്ട്.