റോബോട്ട് വരട്ടെ, ഭക്ഷണവുമായി. രാജ്യത്ത് ആദ്യമായി ഹൈദരാബാദ് വിമാനത്താവളത്തില്‍ ഭക്ഷണവിതരണത്തിന് റോബോട്ട്

ഹൈദരാബാദ്: ഇന്ത്യയില്‍ ആദ്യമായി ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എഐ സാങ്കേതികവിദ്യ അധിഷ്ഠിതമായി ഭക്ഷണ വിതരണത്തിന് റോബോട്ട് ഇറങ്ങി. വിമാനത്താവളത്തില്‍ ബോര്‍ഡ് ചെയ്യാനായി ഗേറ്റിനു പുറത്ത് വെയ്റ്റിങ് ലോഞ്ചില്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ സീറ്റിനരികില്‍ റോബോട്ട് ഭക്ഷണവും പാനീയങ്ങളും എത്തിച്ചു നല്‍കും. റിഫ്രഷ് 24 സെവന്‍, ജിഎംആര്‍ എന്നീ കമ്പനികള്‍ സംയുക്തമായാണ് റോബോട്ടിനെ ഇറക്കിയതും ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും.
ഭക്ഷണം കഴിക്കാനായി യാത്രക്കാര്‍ക്ക് സീറ്റില്‍ നിന്ന് ഏഴുന്നേറ്റുപോകുകയോ തിരക്കു കൂട്ടുകയോ ഒന്നും ആവശ്യമായി വരുന്നില്ല എന്നതാണ് ഇതിന്റെ മെച്ചം. തുടക്കമെന്ന നിലയില്‍ അന്താരാഷ്ട്ര ടെര്‍മിനലിലെ 33, 34, 35 ഗേറ്റുകളിലും ഡൊമസ്റ്റിക് ടെര്‍മിനലിലെ 110, 111 ടെര്‍മിനലുകളിലുമാണ് റോബോട്ടിന്റെ സേവനം ലഭ്യമാകുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം മറ്റു ടെര്‍മിനലുകളിലും റോബോട്ടിനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. യാത്രക്കാര്‍ക്ക് റോബോട്ടിന്‍മേല്‍ പതിച്ചിരിക്കുന്നതോ ഫുഡ് കിയോസ്‌കുകളില്‍ സ്ഥാപിച്ചിരിക്കുന്നതോ ആയ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ റോബോട്ടിന്റെ സേവനം ലഭ്യമാകും ഏതു കിയോസ്‌ക് എന്നും ഏതു ഭക്ഷണം എന്നും മെനുവില്‍ നോക്കി നിശ്ചയിച്ചതിനു ശേഷം പേമെന്റ് നടത്താം. അപ്പോള്‍ ഫോണില്‍ ലഭ്യമാകുന്ന ഓടിപി റോബോട്ട് ഭക്ഷണവുമായി എത്തുമ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിക്കാം. പാനീയങ്ങള്‍ ലഭിക്കാന്‍ എട്ടു മിനിറ്റും ഭക്ഷണം ലഭിക്കാന്‍ പതിനഞ്ചു മിനിറ്റുമാണ് ശരാശരി കണക്കാക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണില്‍ തന്നെ റോബോട്ടിനെ ട്രാക്ക് ചെയ്യാനും സൗകര്യമുണ്ട്.