ന്യൂഡല്‍ഹി: ചരക്കു സേവനനികുതിയില്‍ വെട്ടിക്കുറവ് വരുത്തിയ പുതിയ നിരക്കുകള്‍ ഇന്ന് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. ജിഎസ്ടി ഏര്‍പ്പെടുത്തിയതു മുതല്‍ രാജ്യത്ത് 12, 18, 28 ശതമാനം എന്നിങ്ങനെ മൂന്നു സ്ലാബുകളായിരുന്നു നിലവിലുണ്ടായിരുന്നത്. അവയില്‍ 12, 28 ശതമാനങ്ങളുടെ സ്ലാബുകള്‍ ഉപേക്ഷിച്ച് പകരം അഞ്ച് എന്നു പുതിയൊരു സ്ലാബ് അവതരിപ്പിക്കുകയും പഴയതില്‍ നിന്ന് പതിനെട്ട് എന്ന സ്ലാബു മാത്രം നിലനിര്‍ത്തുകയും ചെയ്തുള്ളതാണ് ഇന്നു നിലവില്‍ വരുന്ന പരിഷ്‌കാരം. നിത്യോപയോഗവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വസ്തുക്കളും അഞ്ചു ശതമാനത്തിന്റെ സ്ലാബിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഡംബര സ്വഭാവമുള്ള വസ്തുക്കളാണ പതിനെട്ടു ശതമാനത്തിന്റെ സ്ലാബിലുള്ളത്. ഇന്നു തുടങ്ങുന്ന നവരാത്രി ആഘോഷങ്ങളെ ജിഎസ്ടി ഇളവ് ആഘോഷമാക്കി മാറ്റണമെന്ന് രാഷ്ട്രത്തോടായി ചെയ്ത അഭിസംബോധനയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.
ജിഎസ്ടി പരിഷ്‌കരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം കിട്ടുമെന്നുറപ്പാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിനു സാധിക്കുമെന്നതിനാല്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുമെന്നും അതുവഴി ഉപഭോഗം കൂടുമെന്നും അങ്ങനെ ജിഎസ്ടിയില്‍ നഷ്ടപ്പെടുന്ന തുക തിരിച്ചുപിടിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ആരോഗ്യ ഇന്‍ഷുറന്‍സില്‍ പതിനെട്ടു ശതമാനം ജിഎസ്ടി എന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യവും ഇത്തവണത്തെ ഇളവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അഞ്ച്, പതിനെട്ട് എന്നിങ്ങനെ രണ്ടു സ്ലാബുകളാണ് ഉള്ളതെന്നു പറയുമെങ്കിലും ഇവയ്ക്കു മുകളില്‍ നാല്‍പതു ശതമാനത്തിന്റെ മറ്റൊരു സ്ലാബ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുകയില പോലെ ഹാനികരമായ വസ്തുക്കളും അത്യാഡംബര വസ്തുക്കളും ലോട്ടറി പോലെയുള്ള ചൂതാട്ടവും മാത്രമാണ് ഈ സ്ലാബിലുള്ളത്.
പന്ത്രണ്ടും പോയി, ഇരുപത്തെട്ടും പോയി. അടിമുടി മാറിയ ജിഎസ്ടി നിരക്കുകള്‍ ഇന്ത്യയില്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍.

