ജിമ്മി കിമ്മെലിന്റെ ടിവി ഷോ എബിസി ടിവിയില്‍ നിര്‍ത്തലാക്കിയതിനു പിന്നാലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കയില്‍ ശക്തമാകുന്നു. ട്രംപ് ഭരണകൂടം മനുഷ്യരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണു നടത്തുന്നതെന്നാണ് ആരോപണം. ട്രംപിന്റെ അടുത്ത അനുയായിയും വലതുപക്ഷ രാഷ്ട്രീയനിരീക്ഷകനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തോടനുബന്ധിച്ച് ജിമ്മി കിമ്മെല്‍ തന്റെ ഷോയില്‍ നര്‍മ്മം കലര്‍ത്തിയ നിശിതമായ വിമര്‍ശനം അഴിച്ചുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അമേരിക്കന്‍ വലതുപക്ഷം അറസ്റ്റുചെയ്യപ്പെട്ട യുവാവിന് തങ്ങളോട് ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതിലും കിര്‍ക്കിന്റെ കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിലുമാണ് തത്പരരെങ്കില്‍, ട്രംപിന് തന്റെ അടുത്ത സുഹൃത്തു മരിച്ചതില്‍ വലിയ വിഷമമൊന്നുമുള്ളതായി തോന്നുന്നില്ലെന്നും എഫ് ബി ഐ മേധാവി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിന് കുറ്റാന്വേഷണം ശരിയായി നടത്താനറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന്റെപേരില്‍ അദ്ദേഹത്തിന്റെ ഷോ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് ഷോയുടെ പ്രസാധകരായ എബിസി ഗ്രൂപ്പ്. ഈ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നാണ് വിമര്‍ശകരുടെ ആരോപണം.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് ഈ നീക്കത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയുള്ള നേരിട്ടുള്ള പോരാട്ടം എന്നു വിശേഷിപ്പിച്ചാണ് നിശിതമായി വിമര്‍ശിച്ചത്. കൂടാതെ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുള്‍പ്പെടെ കിമ്മെലിന്റെ സസ്‌പെന്‍ഷനെതിരെ അതിശക്തരായ വിമര്‍ശനമുയര്‍ത്തുന്നവര്‍ നിരവധിയാണ്. സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ അധികാരദുര്‍വ്വിനിയോഗം നടത്തിയാണ് കിമ്മെലിന്റെ ഷോ തടഞ്ഞതെന്നാണിവരുടെ അവകാശവാദം.
കിമ്മെല്‍ തന്റെ വിമര്‍ശനമുയര്‍ത്തി 48 മണിക്കൂറിനുള്ളില്‍ എബിസി അദ്ദേഹത്തിന്റെ ഷോ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ ട്രംപ് നേരിട്ടു സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ട്രംപ് നിയമിച്ച ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബ്രെന്‍ഡന്‍ കാര്‍ എബിസിയുടെ ഉടമസ്ഥരായ വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പിനെ ഇതിന്റെപേരില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്താരാഷ്ട്രതലത്തിലുള്ള നിരീക്ഷകരുള്‍പ്പെടെ ഇതിനെതിരെ നിശിതവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ആക്ഷേപഹാസ്യം വരെ തടയുന്നത് ഒരു സ്വേച്ഛാതിപത്യത്തിന്റെ ഏറ്റവും വലിയ ലക്ഷണമാണെന്നും, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അവര്‍ പറയുന്നു.
ഇതിനിടെ ട്രംപ് മുന്‍പും തന്റെ എതിരാളികളെയും വിമര്‍ശകരെയും നിശ്ശബ്ദരാക്കാന്‍ എന്തും ചെയ്യുമായിരുന്നെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതിനു തെളിവായി ട്രംപ് നടത്തിയ കേസുകളുടെ വലിയൊരു ലിസ്റ്റാണവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ന് ഏതു വിമര്‍ശകരുടെയും വായടപ്പിക്കാനുള്ള അധികാരം ട്രംപിനും അനുയായികള്‍ക്കും കൈവന്നെന്നേയുള്ളു എന്നവര്‍ പറയുന്നു. ഇതിലേറ്റവും ഒടുവിലേത് ട്രംപ് ന്യൂയോര്‍ക്ക് ടൈസിനെതിരേ കൊടുത്ത ബില്യണ്‍ ഡോളര്‍ മാനനഷ്ടക്കേസാണ്. എന്നാലിത് അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ തള്ളിപ്പോയിരുന്നു. വിഖ്യാത പ്രസിദ്ധീകരണമായ വാള്‍സ്ട്രീറ്റ് ജേണലിനെതിരെയും ട്രംപിന്റെവക കേസ് നടക്കുന്നുണ്ട്.
തിരുവായും എതിര്‍വായും, കിമ്മല്‍ ഷോ റദ്ദാക്കിയ വിവാദം അമേരിക്കയില്‍ വലിയ ചര്‍ച്ചകളിലേക്ക്

