ആശയായുള്ള പാശം പിടികൂടിയാല്‍, ഒരാള്‍ക്ക് സംതൃപ്തനാകാന്‍ എത്ര പണം വേണമെന്നു പഠനം

പണക്കാരൊക്കെ കൂടുതല്‍ വലിയ പണക്കാരാകാന്‍ ഓടുകയാണ്. ഇതു കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് ചോദിക്കാനുള്ളത് ഒരാള്‍ക്ക് സന്തുഷ്ടനാകാന്‍ എത്ര പണം വേണമെന്ന്. ഓസ്‌ട്രേലിയന്‍ മാധ്യമമായ സെവന്‍ ന്യൂസ് ചര്‍ച്ചയ്ക്കു വച്ചതും ഇതേ ചോദ്യം തന്നെ. അടുത്ത ദശാബ്ദത്തോടെ ഇലോണ്‍ മസ്‌ക് ലോകത്തിലെതന്നെ ആദ്യത്തെ ട്രില്യണയറാവാനുള്ള തയ്യാറെടുപ്പിലാണ്. ചില ബിസിനസ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നപക്ഷം മസ്‌കിന്റെ വാര്‍ഷിക വരുമാനം ഒരു ട്രില്യണ്‍ ഡോളറിലെത്തിക്കുന്ന തീരുമാനം ടെസ്ല ഡയറക്ടര്‍ ബോര്‍ഡ് കൈക്കൊണ്ടിട്ടുണ്ട്. ഇത്രവലിയ ധനാഢ്യരില്ലെങ്കില്‍പ്പോലും ഓസ്‌ട്രേലിയയിലും സിഇഓ മാരുടെ വേതനം അത്ര മോശമൊന്നുമല്ല. അമേരിക്കയില്‍ ഒരു ശരാശരി തൊഴിലാളിയുടെ 300 മടങ്ങുവരെ അധികം ഒരു ശരാശരി സിഇഓ സമ്പാദിക്കുന്നെങ്കില്‍, ഓസ്‌ട്രേലിയയില്‍ അത് 55 മടങ്ങോളമെന്നുമാത്രം. ഈ സാമ്പത്തിക അന്തരത്തിന്റെ വെളിച്ചത്തിലായിരുന്നു സെവന്‍ ന്യൂസിന്റെ സര്‍വേ. അതിലെ കണ്ടെത്തലുകള്‍ അവര്‍ സമാഹരിക്കുന്നത് ഇങ്ങനെ
ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണ് എത്ര സമ്പാദ്യമാണ് തനിക്കു മതിയാവുന്നതെന്നത്. പ്രാചീന ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ ഒരു ചിന്തയാണ് ‘യൂഡായ്‌മോണിയ’ അഥവാ സൗഖ്യജീവിതത്തിനുള്ള ഒരു മാര്‍ഗരേഖ. ഇതനുസരിച്ച് സമ്പാദ്യത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഒരാളുടെ ഉത്തമ വ്യക്തിത്വത്തിനും ശരിയായി വളര്‍ത്തിയെടുത്ത മനസ്സിനുമാണ്. ദുര്‍വൃത്തമായ മനസ്സോടെ ഉപയോഗിച്ചു തീര്‍ക്കാവുന്നതിലധികം സ്വത്തുക്കള്‍ സമ്പാദിച്ചുകൂട്ടുന്നതിലും നല്ലത് നല്ല മനസ്സും വ്യക്തിത്വവും വളര്‍ത്തിക്കൊണ്ട് മിതമായി സമ്പാദിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. ധനം വേണ്ടെന്നല്ല, അത് ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാകരുതെന്നാണ് അരിസ്റ്റോട്ടില്‍ പഠിപ്പിച്ചത്.
ആധുനികകാലത്തെ പഠനങ്ങള്‍ സൗഖ്യജീവിതത്തെപ്പറ്റി പലതരം കണ്ടെത്തലുകളിലെത്തിയിട്ടുണ്ട്. 2010ലെ ഒരു പഠനമനുസരിച്ച് അമേരിക്കയില്‍ ഒരാള്‍ സന്തുഷ്ടനായി ജീവിക്കാന്‍ വര്‍ഷം 75000 ഡോളര്‍ മതിയാകും. അത് പണപ്പെരുപ്പത്തിന് ആനുപാതികമായി കണക്കുകൂട്ടിയാല്‍ ഓസ്‌ട്രേലിയന്‍ ഡോളറില്‍ വര്‍ഷം 167,000 ഡോളര്‍ സമ്പാദിച്ചാല്‍ ഒരാള്‍ക്ക് സന്തുഷ്ടനായി ജീവിക്കാം.
ധനം എത്ര സമ്പാദിച്ചാലും സന്തുഷ്ടി വര്‍ദ്ധിക്കുമെങ്കിലും, അതിദാരിദ്ര്യത്തില്‍നിന്ന് ഇടത്തരക്കാരനിലേയ്ക്കുള്ള ഉയര്‍ച്ചയോളം വരില്ല കോടീശ്വരനില്‍നിന്ന് ശതകോടീശ്വരനോളം വളരുമ്പോഴുണ്ടാകുന്ന വളര്‍ച്ചയിലെ സന്തുഷ്ടിയെന്നാണ് മറ്റു ചില പഠനങ്ങള്‍ പറയുന്നത്.
2022ല്‍ നടന്ന മറ്റൊരു പഠനത്തില്‍, വ്യത്യസ്ത രാജ്യക്കാരായ മനുഷ്യര്‍ക്ക് വെറുതേ 10000 ഡോളര്‍ കൊടുത്ത് അവരുടെ സന്തുഷ്ടി അളന്നപ്പോള്‍, ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ളവര്‍ സമ്പന്നരാജ്യങ്ങളിലേക്കാള്‍ കൂടുതല്‍ സന്തുഷ്ടരായതായി കണ്ടെത്തി. മറ്റൊരു രസകരമായ വിഷയം, ഈ പണത്തില്‍ മൂന്നില്‍ രണ്ടുഭാഗം മിക്കവരും തങ്ങളുടെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവയ്ക്കുകയാണുണ്ടായത് എന്നതാണ്. ധനത്തേക്കാള്‍ അതു പങ്കുവയ്ക്കുന്നതായിരിക്കുമോ ഒരുപക്ഷേ മനുഷ്യനു കൂടുതല്‍ ആനന്ദകരം?
വര്‍ഷങ്ങളായുള്ള പഠനങ്ങള്‍ അടിസ്ഥാനപ്പെടുത്തി പറഞ്ഞാല്‍, പണം, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഭൗതികലക്ഷ്യങ്ങളുടെ പിന്നാലെയുള്ള പാച്ചില്‍ യാഥാര്‍ത്ഥ്യത്തില്‍ ആനന്ദം നശിപ്പിച്ചുകളയുന്നതായിക്കാണാം. ഇതിന്റെ ഒന്നാമത്തെ കാരണം, ഭൗതികമായ ലക്ഷ്യങ്ങള്‍ സാധാരണ മനുഷ്യന്റെ കുറഞ്ഞ ആത്മാഭിമാനത്തില്‍നിന്നാണു മൊട്ടിടുന്നത് എന്നതാണ്. എല്ലായ്‌പ്പോഴും നമുക്ക് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ഉണ്ടായിരിക്കുകയും ചെയ്യും. അങ്ങനെയുള്ള മനുഷ്യര്‍ ‘ഹെഡോണിക് ട്രെഡ്മില്‍’ എന്ന, എത്ര കിട്ടിയാലും ഒരിക്കലും തൃപ്തിപ്പെടാത്ത ഒരവസ്ഥയില്‍ എത്തിപ്പെടുന്നു. അതുകൂടാതെ, കൂടുതല്‍ സാമ്പത്തിക ഉന്നമനം നേടാനായി ചെലവാക്കേണ്ട ഊര്‍ജ്ജവും സമയവും അദ്ധ്വാനവും വളരെയധികം വര്‍ദ്ധിക്കുകയും അതുവഴി മാനസികസന്തുഷ്ടി വീണ്ടും ഇല്ലാതാവുകയും ചെയ്യാം.
1938 മുതല്‍ രണ്ടുതലമുറ പുരുഷന്മാരെയും അവരുടെ മക്കളെയും അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍, മക്കളോടൊത്തു സമയം പങ്കിടുന്നതും ആഴവും അര്‍ത്ഥവുമുള്ള ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതുമാണ് യഥാര്‍ത്ഥ സന്തോഷം നല്‍കുന്നതെന്നും മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനു നല്ലതെന്നും കണ്ടുപിടിച്ചിട്ടുണ്ട്.
ഈ പഠനങ്ങളൊക്കെ പരിശോധിച്ചാല്‍, നമ്മുടെ സമൂഹത്തിലെ ധനികര്‍ വീണ്ടും വീണ്ടും പണം സമ്പാദിക്കുകവഴി തങ്ങളുടെതന്നെ ആത്മസന്തോഷം കെടുത്തുമ്പോള്‍, ഏറ്റവും ദരിദ്രവിഭാഗങ്ങള്‍ തങ്ങളുടെ ദാരിദ്ര്യത്തിന്റെ ഫലമായി കുറ്റകൃത്യങ്ങളിലേയ്ക്കും മദ്യവും മയക്കുമരുന്നുകളും പോലെയുള്ള സങ്കേതങ്ങളിലേയ്ക്കും വീണ് സ്വയം നശിക്കുകയും ചെയ്യുന്നതായി കാണാന്‍ സാധിക്കും. അതിനാല്‍, സാമൂഹികവും സാമ്പത്തികവുമായി കൂടുതല്‍ തുല്യതയുള്ള ഒരു സമൂഹമായി മാറുന്നതായിരിക്കാം ഒരുപക്ഷേ സമൂഹത്തില്‍ എല്ലാവര്‍ക്കും നല്ലത്.