അഫ്ഗാനില്‍ കണ്ണുവച്ച് യുഎസ്, ബഗ്രാം വിമാനത്താവളത്തിനു മേല്‍ നിയന്ത്രണം ആവശ്യപ്പെടുന്നു

വാഷിങ്ടന്‍: ഇരുപതു വര്‍ഷത്തോളം അഫ്ഗാന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ശേഷം 2021ല്‍ മടങ്ങിയ അമേരിക്കന്‍ സേന വീണ്ടും അഫ്ഗാനിലേക്കു തന്നെ വരുമോയെന്ന സംശയം വീണ്ടും ഉയരുന്നു. അഫ്ഗാനിസ്ഥാനിലെ ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്കു കൈമാറണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശമാണ് ഈ സംശയം ജനിപ്പിക്കുന്നത്. പണ്ട് അമേരിക്കയുടെ അഫാഗാനിസ്ഥാനിലെ ഇടപെടലുകളുടെ മുഴുവന്‍ കേന്ദ്രമായിരുന്നു ബഗ്രാം വിമാനത്താവളം. ഇതിനു വഴങ്ങിയില്ലെങ്കില്‍ മോശം കാര്യങ്ങളായിരിക്കും നേരിടേണ്ടി വരികയെന്ന മുന്നറിയിപ്പും ട്രംപ് മുഴക്കിയിട്ടുണ്ട്. ഇതു തിരികെ പിടിക്കാന്‍ സൈന്യത്തെ അയയ്ക്കുന്ന സാഹചര്യവും തളള്ളിക്കളയാനാവില്ല.
2021ലാണ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്റെ കൈവശമെത്തുന്നത്. അമേരിക്കന്‍ പിന്തുണയുള്ള ഭരണത്തെ അട്ടിമറിച്ചായിരുന്നുതാലിബാന്‍ ഭരണം പിടിക്കുന്നത്. അതേ തുടര്‍ന്ന് അവസാനത്തെ അമേരിക്കന്‍ സൈനികനും അവിടെ നിന്നു വിമാനം കയറുകയായിരുന്നു. ഇപ്പോള്‍ ബഗ്രാം വിമാനത്താവളം യുഎസിനു വീണ്ടും ആവശ്യമായി വരുന്നത് ചൈനയ്ക്കും ഇറാനും മേല്‍ കര്‍ശനമായ നോട്ടം ഉറപ്പു വരുത്തുന്നതിനാണ്. എന്നാല്‍ ഇതിനുതാലിബാന്‍ ഗവണ്‍മെന്റ് തയാറാകുന്നില്ലെങ്കില്‍ സൈനിക ഇടപെടലിനു പോലും മടിക്കില്ലെന്ന സൂചനകളാണ് അമേരിക്കന്‍ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ നിന്നു ലഭിക്കുന്നത്. പതിനായിരത്തിലധികംസൈനികരും അത്യാവശ്യം വ്യോമപ്രതിരോധ സംവിധാനങ്ങളുമുണ്ടെങ്കില്‍ ഇക്കാര്യം സാധിക്കാമെന്നവര്‍ കണക്കു കൂട്ടുന്നു. അടുത്തയിടെ ബ്രിട്ടന്‍ സന്ദര്‍ശിച്ച വേളയിലും ബഗ്രാം വിമാനത്താവളത്തിന്റെ കാര്യം ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നതാണ്.