കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയ ലിങ്കുകള്‍, ഇമെയിലുകള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവ വഴിയാണ് വരുന്നതെന്നു കരുതിയാല്‍ തെറ്റുന്നു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരവധിയാള്‍ക്കാര്‍ക്ക് തപാല്‍ വഴിയും തട്ടിപ്പു നടത്താനാവുമെന്നു തെളിയിക്കുന്ന കത്തു കിട്ടുന്നതായി പോലീസ് പറയുന്നു. ഡല്‍ഹിയിലെ വിലാസത്തില്‍ നിന്നുമാണ് ഈ കത്തുകളുടെ വരവ്. എന്നാല്‍ കത്തുവഴിയാണെങ്കിലും തട്ടിപ്പിന്റെ രീതിക്കു കാര്യമായ വ്യത്യാസമേയില്ല. ചിലര്‍ക്ക് മലയാളത്തിലാണ് കത്തു വരുന്നതെങ്കില്‍ ചിലര്‍ക്ക് ഇംഗ്ലീഷിലായിരിക്കുമെന്ന വ്യത്യാസം മാത്രം. രജിസ്റ്റേഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ അല്ലാതെ സാധാരണ പോസ്റ്റില്‍ വരുന്ന കത്തുകളിലെ ഉള്ളടക്കം ഒരു നറുക്കെടുപ്പില്‍ താങ്കള്‍ക്ക് ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ നറുക്കെടുപ്പില്‍ സമ്മാനമായി 2.85 ലക്ഷം രൂപയും അര പവന്റെ മോതിരവും ലഭിച്ചിട്ടുണ്ടെന്നാകും. കത്തിനൊപ്പമുള്ള സ്ക്രാച്ച് കാര്‍ഡ് ചുരണ്ടിയാല്‍ കിട്ടുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുമുണ്ടായിരിക്കും. എന്നാല്‍ സ്കാന്‍ ചെയ്യാന്‍ മുതിരുന്നവരുടെ ഫോണിലേക്ക് അക്സസ് കിട്ടുകയായിരിക്കും അങ്ങേത്തലയ്ക്കല്‍ സംഭവിക്കുക. പിന്നീട് എല്ലാ തട്ടിപ്പുകളിലുമെന്നതു പോലെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത് എപ്പോഴാണെന്നു മാത്രം നോക്കിയാല്‍ മതി. ഇക്കൂട്ടര്‍ക്ക് കൃത്യമായി ഓരോരുത്തരുടെയും പൂര്‍ണ മേല്‍വിലാസം വരെ ലഭ്യമാക്കാന്‍ മറ്റെന്തോ സംവിധാനം നിലിവുണ്ടെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നതായി പോലീസ് പറയുന്നു. കോവിഡിനു ശേഷം ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നെങ്കിലും പിന്നീട് മൊബൈലുകള്‍ കേന്ദ്രകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പിലേക്കു മാത്രം തട്ടിപ്പുകാര്‍ ശ്രദ്ധയൂന്നുകയായിരുന്നു. അത്തരം തട്ടിപ്പുകള്‍ക്കെതിരേ ജനം ജാഗ്രത കൈവരിച്ചതോടെ പഴയ രീതി തന്നെ വീണ്ടും തുടരുകയാണോയെന്നും പോലീസ് സംശയിക്കുന്നു.
കത്തുവരും കെണിയുമായി. തപാല്‍ കത്തുകള്‍ മുഖേനയും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു ശ്രമം

