അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെര്‍മിനലായ മുംബൈ ഇന്റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമുദ്ര മേഖലയുടെ വികസനത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഈ ടെര്‍മിനലിനെ കണക്കാക്കുന്നത്. ആഭ്യന്തര അന്താരാഷ്ട്ര ക്രൂയിസ് ടൂറിസത്തില്‍ ഈ ടെര്‍മിനല്‍ നിര്‍ണായകമായ പങ്കു വഹിക്കുമെന്നു കണക്കാക്കപ്പെടുന്നു. 4.15 ലക്ഷം ചതുരശ്രയടിയാണ് ഈ ടെര്‍മിനലിന്റെ വിസ്തൃതി. 556 കോടി രൂപയാണിതിന്റെ നിര്‍മാണച്ചെലവ്. നാലു നിലകളിലാണ് ഈ ടെര്‍മിനലിന്റെ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം പത്തുലക്ഷം യാത്രക്കാരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇതിനു സാധിക്കും.
ടെര്‍മിനലില്‍ ഒരേ സമയം അഞ്ച് ഉല്ലാസക്കപ്പലുകള്ക്കാണ് നങ്കൂരമിടാന്‍ കഴിയുക. ചെക്ക് ഇന്‍, ഇമിഗ്രേഷന്‍ കാര്യങ്ങള്‍ക്കായി 72 കൗണ്ടറുകളായിരിക്കും പ്രവര്‍ത്തിക്കുക. അതിനാല്‍ ഈയിനങ്ങളിലൊന്നും സഞ്ചാരികള്‍ക്ക് സമയനഷ്ടം വരികയേയില്ല. സമുദ്ര പശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. മേല്‍ക്കൂരയുടെ ആകൃതി തിരമാലകള്‍ക്കു സമമാണ്. പ്രദേശ വാസികള്‍ക്ക് ഷോപ്പിങ്ങിനും വിനോദത്തിനും വേണ്ട സൗകര്യങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെര്‍മിനല്‍ മുംബൈയില്‍ തുറന്നു, 556 കോടി രൂപ ചെലവ്, 415 ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി

