ഒമാനു മുന്നില്‍ ഇന്ത്യ നേടിയത് ചെറുതായൊന്നു വിറച്ച്, ഇനി ഏഷ്യ കപ്പില്‍ സൂപ്പര്‍ പോരാട്ടങ്ങളുടെ ദിനങ്ങള്‍

അബുദാബി: ജയിച്ചാലും തോറ്റാലും ടൂര്‍ണമെന്റില്‍ വിശേഷാലൊരു ഗുണമോ ദോഷമോ ഉണ്ടാകാത്ത മത്സരമായിരുന്നിട്ടു കൂടി സര്‍വ പ്രതീക്ഷകള്‍ക്കുമപ്പുറം ഉണര്‍ന്നു കളിച്ച് ഇന്ത്യയുമായുള്ള ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ ഒമാന്‍ കരുത്തുകാട്ടുകയും എല്ലാവരെയും അതിശയിപ്പിക്കുകയും ചെയ്തു. വെറും 21 റണ്‍സിനാണ് താരതമ്യേന ക്രിക്കറ്റിലെ ശിശുവായ ഒമാന്റെ പക്കല്‍ ഇന്ത്യ കടന്നു കൂടിയത്. ഭാവിയില്‍ ക്രിക്കറ്റില്‍ ഗള്‍ഫ് മേഖലയില്‍ നിന്നു ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടേണ്ട ടീമായി ഒമാന്‍ മാറുമെന്ന സൂചനകളാണ് ഈ കളിക്കു ശേഷം ലഭിക്കുന്നത്.
വളരെ ചെറിയ ടീമെന്ന മുന്‍വിധിയോടെ കളിക്കാനിറങ്ങിയ ഇന്ത്യയെ വെറും 188 റണ്‍സിനാണ് ഒമാന്‍ ചുരുട്ടിക്കെട്ടിയത്. ബോളിങ്ങിലെ മികവാണ് ഒമാന് തുണയായത്. മലയാളിയായ സഞ്ജു സാംസന്റെ അര്‍ധ സെഞ്ചുറിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ കളിയുടെ ചിത്രം തന്നെ മറ്റൊന്നാകാനും സാധ്യതയേറെയായിരുന്നു. 189 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ ഒമാന്‍ പക്ഷേ, മുഴുവന്‍ ഓവറും എറിഞ്ഞു തീരുമ്പോഴും നാലു വിക്കറ്റ് മാത്രമാണ് നഷ്ടപ്പെടുത്തിയിരുന്നത്. അങ്ങനെ ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ വിജയം സ്വന്തമാകുകയും ചെയ്തു.
ഇനി ഏഷ്യ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ കളികളുടെ ദിനങ്ങളാണ്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യും പാക്കിസ്ഥാനുമാണ് സൂപ്പര്‍ ഫോറിലേക്ക് ക്വാളിഫൈ ചെയ്യപ്പെട്ടിരിക്കുന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ആദ്യ കളി ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറിലെത്തിയ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ്. ഞായറാഴ്ച ഗ്രൂപ്പ് എയില്‍ നിന്ന് കയറി വന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. സൂപ്പര്‍ ഫോറിലെത്തിയ ടീമുകളെല്ലാം തമ്മില്‍ തമ്മില്‍ ഓരോ കളികള്‍ വീതമാണുള്ളത്. അതില്‍ നിന്നു മുന്നില്‍ വരുന്ന രണ്ടു ടീമുകള്‍ തമ്മിലായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക.